പരപ്പനങ്ങാടി കോടതിക്ക് ബഹുനില കെട്ടിടം .ശിലാസ്ഥാപനം നാളെ .

പരപ്പനങ്ങാടി: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും നിയമ പോരാട്ടത്തിനും ഒടുവിൽ പരപ്പനങ്ങാടി കോടതിക്ക് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ( ശനി ) നടക്കും. കെ.പി. എ. മജീദ് എം. എൽ. എ. യുടെ സാന്നിധ്യത്തിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ. നാഗരേഷ് ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും.മലപ്പുറം ജില്ലയിൽ തന്നെ ഏറെ സ്ഥല സൗകര്യമുള്ള കോടതിയാണ് പരപ്പനങ്ങാടി കോടതി . എന്നാൽ വിവിധ കോടതികൾക്ക് പ്രവർത്തിക്കുവാനുള്ള കെട്ടിട സൗകര്യം ഇവിടെ ഇല്ലാത്തത് കൊണ്ട് ഏറെ പ്രയാസം നേരിടുകയും ചെയ്യുന്നുണ്ട്. പരപ്പനങ്ങാടി മുൻസിഫ് കോടതി,ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും ഫാസ്റ്റ് ട്രാക്ക് കോടതിയുമാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. മോട്ടോർ ആക്സിഡന്റ്‌ക്രൈം ട്രിബ്യൂണൽ , സബ് കോടതി, അഡീഷണൽ ജില്ലാ കോടതി എന്നിവ ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടെങ്കിലും കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തിക്കാനായിട്ടില്ല. കെട്ടിട നിർമ്മാണത്തിന് നേരത്തെ നിരവധി തവണ വിവിധ പ്രൊപ്പോസലുകൾ സമർപ്പിച്ചെങ്കിലും സർക്കാർ എല്ലാം മടക്കുകയായിരുന്നു. സർക്കാരിന്റെ ഈ നിഷേധാത്മക നിലപാടിനെതിരെ മണ്ഡലം എം.എൽ. എ. കൂടിയായ കെ.പി. എ. മജീദ് നിയമസഭയിൽ നിരന്തരം സബ്മിഷനുകളടക്കം കൊണ്ടുവന്നിട്ടും ഫലം കാണാത്തതിനെ തുടർന്ന് കെ.പി. എ. മജീദ് കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി കർശന നിലപാടെടുക്കുകയും തുടർന്ന് നേരത്തെ സമർപ്പിച്ചിരുന്ന എസ്റ്റിമേറ്റും പ്ലാനും അടങ്ങിയ പ്രൊപ്പോസൽ അംഗീകരിച്ച് സർക്കാർ ഭരണാനുമതി നൽകുകയും ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി കോടതിയുടെ പഴയ തനിമ നില നിർത്തി കൊണ്ട് തന്നെ പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതനമായ രൂപ കൽപന ചെയ്തതാണ് പുതിയ ബഹുനില കെട്ടിടം. 27.57 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ഏറെ ചരിത്രങ്ങൾ നില നിൽക്കുന്ന പരപ്പനങ്ങാടി കോടതിയുടെ പഴയ കെട്ടിടം നിലനിർത്തി നിർമ്മാണത്തിന് വേണ്ടി ചെറിയ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുക. 18 മാസ കാലാവധിയാണ് നിർമ്മാണം പൂർത്തിയാക്കുന്നതിന് വേണ്ടി കരാർ എടുത്തിട്ടുള്ള നിർമ്മാൺ കൺട്രക്ഷൻ കമ്പനിക്ക് നൽകിയിരിക്കുന്നത്. നാല് കോടതികൾ പ്രവർത്തിക്കുന്ന അഞ്ച് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.രാവിലെ 10 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ ജില്ലാ സെഷൻ ജഡ്ജ് കെ. സനിൽ കുമാർ അദ്ധ്യക്ഷ്യം വഹിക്കും. കെ.പി. എ. മജീദ് എം.എൽ. എ. മുഖ്യപ്രഭാഷണം നടത്തും. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് എ. ഫാത്തിമാ ബീവി , പരപ്പനങ്ങാടി നഗര സഭാ ചെയർമാൻ എ. ഉസ്മാൻ, എക്സിക്യൂട്ടിവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മഈൽ, പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: വനജ വള്ളിയിൽ, ജനറൽ സെക്രട്ടറി അഡ്വ: എൻ. മുഹമ്മദ് ഹനീഫ, ട്രഷറർ അഡ്വ: പി.വി. റാഷിദ് എന്നിവർ പ്രസംഗിക്കും.

റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Comments are closed.