പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിനൊപ്പം നില്‍ക്കാനാവില്ല : മൂന്നിയൂര്‍ പഞ്ചായത്ത്

തിരൂരങ്ങാടി : കേരള സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലുള്ള ധൂര്‍ത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. കേരള സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കൂടിയാണ് നിലവിൽ പോയിക്കൊണ്ടിരിക്കുന്നത്. സർക്കാർ കടത്തിലാണെന്നും ദൈനം ദിന പ്രവർത്തനങ്ങൾക്ക് പോലും ഖജനാവിൽ പണമില്ലെന്നും ചീഫ് സെക്രട്ടറി പോലും വെളിപ്പെടുത്തിയത് വ്യക്തമായ സത്യമാണ്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ നൽകാനോ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനോ ട്രഷറികളിൽ നിന്നും ബില്ലുകൾ പാസ്സാക്കാനോ കഴിയുന്നില്ല. സർക്കാറിന്റെ ഈ കടം കേരളത്തിലെ ഓരോ മനുഷ്യരുടെയും കടബധ്യതയാക്കാനാണ് സർക്കാറിന്റെ ശ്രമം. സർക്കാറിന്റെ ഈ സാമ്പത്തിക പ്രതിസന്ധിയുടെ അമിത ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. നികുതി വർദ്ധനവ്, പെർമിറ്റ് ഫീസ് വർദ്ധനവ്, കറന്റ് ബില്ല് വർദ്ധനവ് തുടങ്ങി എല്ലാ സാധനങ്ങളുടെയും വില വർദ്ധനവ് കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. എന്നാൽ സര്‍ക്കാർ പരിപാടികളിലും മറ്റും അനാവശ്യമായി പണം ചെലവഴിക്കാനും സർക്കാറിന്റെ പരസ്യങ്ങൾക്ക് വേണ്ടി കോടികൾ ചെലവഴിക്കാനും സര്‍ക്കാർ ഒരു മടിയും കാട്ടുന്നില്ല. നിലവിൽ സർക്കാർ നടത്തുന്ന നവകേരള സദസ്സ് തികച്ചും പ്രഹസനവും ജനങ്ങളെ വിഡ്ഢികളാക്കുന്നതും ആണ്. ഈ പരിപാടിക്ക് ചെലവഴിക്കുന്ന കോടികൾ പഞ്ചായത്തുകളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇതിനോടകം തന്നെ പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടിക്കുറച്ചും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയും ദൂർത്തിന്റെ പര്യായമായി മാറുകയും ചെയ്ത കേരള സർക്കാർ നടത്തുന്ന നവകേരള സദസ്സിന്റെ ചെലവുകളിലേക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ഒരു രൂപ പോലും അനുവദിക്കരുത് എന്ന് ഈ പ്രമേയം മുഖേന ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ ധൂര്‍ത്തിനൊപ്പം നില്‍കാനാവില്ലെന്നും പ്രമേയത്തെ ഭരണസമിതി അനുകൂലിച്ച് പാസാക്കുകയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എന്‍.എം സുഹറാബി പറഞ്ഞു. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍ തുടങ്ങിയവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. നൗഷാദ് തിരുത്തുമ്മൽ അവതാരകനും ശംസുദ്ധീൻ മണമ്മൽ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയത്തെ നാല് മെമ്പര്‍മാര്‍ ഒഴികെ മറ്റു മെമ്പര്‍മാരായ പി.പി സഫീര്‍, എന്‍.എം റഫീഖ്, രാജന്‍ ചെരിച്ചിയില്‍, എ.രമണി, പത്തൂര്‍ റംല, ജംഷീന പൂവ്വാട്ടില്‍, മര്‍വ്വ ഖാദര്‍, സഹീറ കൈതകത്ത്, ടി.ഉമ്മുസല്‍മ, സല്‍മ നിയാസ് എന്നിവര്‍ പിന്തുണച്ച് സംസാരിച്ചു.

Comments are closed.