വായനയുടെ പ്രവാസ ഇടങ്ങൾ

✍️എം ഒ രഘുനാഥ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

സാംസ്കാരിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മഹാനായ പി.എൻ പണിക്കരുടെ ചരമദിനമാണ് മലയാളികളുടെ വായനാദിനമായി ആചരിക്കപ്പെടുന്നത്. വായന എന്നത് കേവലമായ അറിവുസമ്പാദനത്തിനോ ആനന്ദത്തിനോ മാത്രമുള്ള ഉപാധിമാത്രമല്ലെന്നും, ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്ക് മാനവരാശിയെ നയിക്കാൻ പര്യാപ്തമായ, ഒരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന ഒരു സന്ദേശമാണ് ഈ ദിനം മുന്നോട്ടു വയ്ക്കുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ള ആൾക്കും നൊടിയിടകൊണ്ട് ഏതും വായിക്കാനുള്ള സാങ്കേതിക സാധ്യത നിലനിൽക്കുന്ന ഇക്കാലത്ത്, വായനയുടെ മാറിയ അനുഭവങ്ങളാണ് പലർക്കും പങ്കുവയ്ക്കാനുണ്ടാവുക. മാറി മറിയുന്ന ജീവിതസാഹചര്യങ്ങളിൽ, തിരക്കുകൾക്കിടയിൽ വായനയെ എങ്ങനെ കണ്ടെത്താമെന്നോ അല്ലെങ്കിൽ നിലനിർത്താമെന്നോ ആയിരിക്കും ചിലരുടെ ചിന്ത! ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കുടിയേറുകയോ പ്രവാസ ജീവിതം നയിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്ന മലയാളികൾക്ക് ഈ മാറിയ ലോകത്തെ സൗകര്യങ്ങൾ (ഓൺലൈൻ ഇടങ്ങൾ) വലിയ സാധ്യതയാണ് നൽകുന്നത്. പ്രശസ്ത റഷ്യൻ-അമേരിക്കൻ കവിയായ ജോസഫ് ബ്രോട്സ്കി തന്റെ സൈബീരിയൻ തടവുജീവിതം അതിജീവിച്ചത് വിശ്വമഹാകവിയായ ഓടന്റെ കൃതികൾ വായിച്ചു കൊണ്ടാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാസം അതിന്റെ ഏറ്റക്കുറച്ചിലുകളാലും ജീവിതസൗകര്യങ്ങളാലും വ്യത്യസ്ത അനുഭവം പകരുമെങ്കിലും പൊതുവെ, മനുഷ്യന്റെ തടവുകാലമാണ് എന്ന് പറയാറുണ്ട്.അപ്രതീക്ഷിതമായ പ്രവാസജീവിതത്തിലേക്കുള്ള പറിച്ചുനടലിന്റെ ആദ്യ ചുവടുവയ്പ്പുകളിൽ, വായനയെന്നത് പലർക്കും പരിമിതികൾ നിറഞ്ഞ മഞ്ഞുമലയായി അനുഭവപ്പെട്ടേക്കാം. എന്നാൽ, സഹജമായ അഭിരുചികളിൽ നിന്ന് മനുഷ്യന് അധികകാലം അങ്ങനെ അകന്നുനിൽക്കാൻ സാധ്യമല്ല എന്നതിനാൽ പലരും ഈ സങ്കീർണ്ണതയെ, ലഭ്യമാകുന്ന സാധ്യതകളിലൂടെ മറികടക്കുന്ന രീതിയിലേക്ക് വളരുന്നതായി കാണാം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ വായനയെ കണ്ടെത്തുവാനോ പരിപോഷിപ്പിക്കുവാനോ സാധിക്കുന്നില്ല എന്ന വലിയ പരാതി പൊതുവെ ഉള്ളതാണ്. അത്‌, ഒരു പരിധിവരെ കേവലമായ ഒരു ഒളിച്ചോടൽ മാത്രമാണ് എന്ന്, പിന്നീട് തിരിച്ചറിയുമ്പോൾ നഷ്ടപ്പെട്ട വായനാവസരങ്ങളെയോർത്ത് കഷ്ടപ്പെടുവാൻ മാത്രമേ അവർക്ക് സാധ്യമാവൂ. നവമാധ്യമങ്ങളുടെയോ ഡിജിറ്റൽ പുസ്തകങ്ങളുടെയോ (e-book) ഒക്കെ സാന്നിധ്യം ആരേയും എന്നതുപോലെ, പ്രവാസി മലയാളികളേയും വായനയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ, അത്‌ ഏത് തരം വായനയെന്നതും എങ്ങനെ ആശയങ്ങളെയും ചിന്തകളെയും സമ്പുഷ്ടമാക്കുന്നുവെന്നതും വിശദമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടുന്ന കാര്യമാണ്. പ്രഫഷനുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഇടപെടലുകളുമൊക്കെയായി കേവലമായ അക്കാദമിക് വായനയിൽ നിന്നും മലയാള സാഹിത്യത്തെയും ലോക സാഹിത്യത്തെയും അടുത്തറിയുന്ന വായനകളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നവരായി ഇപ്പോൾ മലയാളികളായ പ്രവാസി സമൂഹം മാറിയിട്ടുണ്ട്. അവരിൽ ചിലരൊക്കെ അറിയപ്പെടുന്ന എഴുത്തുകാരായി മാറുകയും ചെയ്തതായി കാണാം. മലയാള സാഹിത്യത്തിലേക്ക്, കേട്ടറിഞ്ഞുമാത്രമുള്ള പുറദേശങ്ങളുടെ ജീവിതാനുഭവങ്ങളെ വരച്ചുചേർത്തുകൊണ്ട് സമ്പുഷ്ടമാക്കുവാനുതകുന്ന തരത്തിൽ അത്‌ വളർന്നിരിക്കുന്നു. പുസ്തകോത്സവങ്ങൾ ഇന്ന് ലോകമെമ്പാടും മത്സരബുദ്ധിയോടെ സംഘടിപ്പിക്കപ്പെടുന്നത് കാണാവുന്നതാണ്. ഇത് വലിയ മാറ്റത്തിന് കാരന്മാകുന്നുണ്ട് സാഹിത്യകുതുകികളും പ്രസാധകരും മാത്രമല്ല, രാഷ്ട്രതന്ത്രജ്ഞരും ഭരണകൂടങ്ങളും തിരിച്ചറിയുന്ന വസ്തുതയാണ്. വായനയെ, ഭാഷയുടെയും ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ ഭേദിക്കുന്ന സാധ്യതകളിലൂടെ നയിക്കാൻ പുത്സകമേളകൾക്ക് സാധ്യമാകുന്നുവെന്നത് വലിയൊരു കാര്യമാണ്. അവിടെ, വിദ്യാർഥികളും ഉദ്യോഗാർഥികളും വിശ്രമജീവിതം നയിക്കുന്നവരും തിരക്കുകൾ മാറ്റിവച്ചുകൊണ്ട് ഒത്തുചേരുകയും വായനയുടെ പുതിയ വാതായനങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഗൾഫ് (മിഡിൽ ഈസ്റ്റ്‌) മേഖലകളിൽ മാത്രമല്ല, അമേരിക്കൻ സ്റ്റേറ്റുകളിലും യൂറോപ്യൻ രാജ്യങ്ങളിലും ഒരുപോലെ മലയാള സാഹിത്യകൃതികൾ ഇന്ന് ലഭ്യമാകുന്നതിന് അന്താരാഷ്ട്ര പുസ്തകമേളകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് ലോകത്തിന്റെതന്നെ ശ്രദ്ധപിടിച്ചുപറ്റുന്ന പുസ്തകമേളയായി മാറിയിരിക്കുന്നു. അവിടങ്ങളിൽ ഉരുത്തിരിയുന്ന പരിചയങ്ങളും സാധ്യതകളും ഒട്ടേറെപ്പേരെ വായനയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് കാരണമാകുന്നുണ്ട്. മാറിയ ലോകത്ത്, എല്ലാ സാങ്കേതിക വിപ്ലവങ്ങളെയും ഫലപ്രദമായി വിനിയോഗിക്കുന്നതിൽ മലയാളിക്ക് സാധിക്കുന്നുവെന്നത് മലയാള സാഹിത്യത്തെയും ശക്തിപ്പെടുത്തുന്നുണ്ട്. തലമുറകൾക്ക് വേറിട്ട അനുഭവങ്ങൾ പകരുന്ന, വ്യത്യസ്തമായ മാധ്യമങ്ങളിലൂടെ നമ്മുടെ സാധ്യതകളെ മാറ്റിവരയ്ക്കുന്ന, ഈ പുതിയകാലത്തും വായന എന്നത് മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വലിയൊരു അനുഭവമായി നിലനിൽക്കുന്നതായി കാണാം.(