പല നിറങ്ങൾ ഒരു പൂക്കളം” പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരൻ എം ഒ രഘുനാഥ് എഡിറ്റ്‌ ചെയ്ത ഓണക്കവിതകളുടെ സമാഹാരമായ “പല നിറങ്ങൾ ഒരു പൂക്കളം” പ്രകാശനം ചെയ്തു. തൃശൂരിൽ സാഹിത്യ അക്കാദമിയിൽ വച്ചുനടന്ന ചടങ്ങിൽ, കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ പ്രശസ്ത എഴുത്തുകാരൻ വൈശാഖന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ, കവി ഇ. ജിനൻ, സജിനി മനോജ്, രമ്യ മഠത്തിൽത്തൊടി, അനൂപ് കടമ്പാട്ട്, രാജു പുതനൂർ, സൈന ചെന്ത്രാപ്പിന്നി തുടങ്ങിയവർ സംബന്ധിച്ചു.മലയാളികൾക്ക് മുഖവുരയാവശ്യമില്ലാത്ത മുതിർന്ന കവികൾക്കൊപ്പം പുതുതലമുറയിലെ ശ്രദ്ധേയരായ മുഖങ്ങളും പുതുമുഖങ്ങളും ഇവിടെ ഒരുമിക്കുന്നു. കുരീപ്പുഴ ശ്രീകുമാർ, ഡോ.രാവുണ്ണി, വിനോദ് വൈശാഖി, രാജൻ കൈലാസ്, ഷീജ വക്കം, നിഷി ലീല ജോർജ്ജ്, ഇ ജിനൻ, മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, സി എം വിനയചന്ദ്രൻ, പ്രദീപ്‌ രാമനാട്ടുകര, വിനോദ് വെള്ളായണി, അൻസാരി ബഷീർ, ഹാരിസ് യുനിസ് തുടങ്ങി നിരവധിപ്പേർ അണിനിരക്കുന്ന ഈ കവിതാസമാഹാരത്തിൽ അമ്പത്തിയൊന്ന് ഓണക്കവിതകളാണുള്ളത്.നാട്ടിൽ നിന്നും പുറംനാട്ടിൽ നിന്നുമുള്ള എഴുത്തുകാർ ഒരുമിക്കുന്ന ഓണക്കവിതാസമാഹാരം എന്ന പ്രത്യേകതകൂടി ഈ പുസ്തകത്തിനുണ്ട്. വായനക്കാരോട് തലയുയർത്തിനിന്നുകൊണ്ട് സധൈര്യം സംവദിക്കുന്ന പലനിറങ്ങളിലുള്ള ഓർമ്മപ്പെടുത്തലുകളാണ് ഈ പുസ്തകത്തിലെ കവിതകളെന്ന് എഡിറ്റർ എം ഒ രഘുനാഥ് അഭിപ്രായപ്പെട്ടു.നവതൂലിക കലാസാഹിത്യവേദിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിക്കുന്ന ഈ കവിതാസമാഹാരത്തിന് മലയാളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ.ജിനേഷ് കുമാർ എരമമാണ് അവതാരികയെഴുതിയത്. ലോഗോസ് ബുക്സാണ് പ്രസാധകർ.

Comments are closed.