ബോട്ടു ദുരന്തം ഉത്തരാവദിത്വം നഗരസഭക്ക്

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ അപഹരിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വം താനൂർ നഗരസഭയ്ക്കാണെന്ന് നഗരസഭ ഇടതുപക്ഷ കൗൺസിലർമാർ  താനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒട്ടുംപുറത്ത് അപകടം നടക്കാൻ സാധ്യതയുണ്ടെന്നും അവിടുത്തെ ബോട്ടുകളിൽ അധികമായി ആളുകളെ കയറ്റുന്നുണ്ടെന്നും ലൈസൻസില്ലാതെ പലബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്നും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സികെഎം ബഷീർ, നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീനോട് പറയുന്ന വാട്സ്ആപ്പ് സന്ദേശം നാട്ടിൽ മുഴുവൻ പരന്നുകഴിഞ്ഞു. എന്നാൽ ഉത്തരവാദിത്വം നിർവഹിക്കാൻ ചെയർമാൻ തയ്യാറായില്ല. അതുകൊണ്ടു തന്നെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർമാൻ രാജി വയ്ക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ വിഷയം അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെയോ മറ്റുള്ളവരെയോ അറിയിക്കാൻ തയ്യാറാവാത്തതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും കൗൺസിലർമാർ പറഞ്ഞു. ടൂറിസം മേഖലയിലുള്ള ബോട്ടുകൾക്ക് ലൈസൻസുകൾ പരിശോധിച്ചു അവയുടെ ഫിറ്റ്നസ് പരിശോധിക്കാനുള്ള നിർദ്ദേശം സർക്കാർ നഗരസഭ അധികാരികൾക്ക് നൽകിയിട്ടുണ്ടെന്നിരിക്കെ എങ്ങനെയാണ് ഈ മേഖലയിൽ മൂന്ന് ബോട്ടുകൾ സർവീസ് നടത്തിയതെന്ന് നഗരസഭ ചെയർമാൻ വ്യക്തമാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭ അധികാരപരിധിയിലുള്ള ഈ ടൂറിസം മേഖലയുടെ സ്ഥലങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കുകയും, ലൈസൻസില്ലാതെയും, അംഗീകാരമില്ലാതെയും ബോട്ടുകൾ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോയത് നഗരസഭയുടെ സമ്മതത്തോടെയാണോയെന്ന് ചെയർമാൻ വ്യക്തമാക്കണമെന്നും, തീരദേശത്തെ 14 ഡിവിഷനിലും മുസ്ലീംലീഗിന്റെ കൗൺസിലർമാരാണുള്ളത് എന്നിട്ടും ഇക്കാര്യങ്ങൾ നഗരസഭ അറിഞ്ഞില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. പി ടി അക്ബർ, സുചിത്ര, ഇ കുമാരി, റൂബിഫൗസി, രുഗ്മിണി, ആരിഫ, സിപിഐ എം നേതാക്കളായ എം അനിൽകുമാർ, സി പി അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇