വിലവർദ്ധന ദുസ്സഹമാക്കിയ ജനജീവിതം തുറന്നുകാട്ടി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര!സാധാരണക്കാരന് നടുവൊടിക്കുന്ന വിലക്കയറ്റം സമ്മാനിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിലക്കയറ്റം മൂലം ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് പൊതുജനം. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ദുരിത ജീവിതം തുറന്നുകാണിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര പിണറായി 2.0@2. ഏഴ്‌ വര്‍ഷത്തെ ഭരണം സംസ്ഥാനത്തിന് മുന്‍പെങ്ങുമില്ലാത്ത മുന്നേറ്റം സമ്മാനിച്ചു എന്നവകാശപ്പെടുമ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തനത് വരുമാനം കൂട്ടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അസാധാരണ പരിഷ്കാരങ്ങളാണ് ജനങ്ങളുടെ ജീവിത ചെലവ് കുത്തനെ കൂട്ടിയത്. ഇതോടൊപ്പം വിവിധ സെസ്സുകളടക്കം കേന്ദ്ര-സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങൾ നടപ്പിൽ വന്നതോടെ പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലായി.നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വീട് നിര്‍മ്മാണം വരെയുള്ള ആവശ്യങ്ങള്‍ വിലക്കയറ്റവും നികുതി വര്‍ദ്ധനവും മൂലം ചിലവേറിയതാക്കുന്നു. പാലും പച്ചക്കറിയും പല വ്യഞ്ജനങ്ങളും തുടങ്ങി മരുന്നിനും മദ്യത്തിനും വരെ വില കൂടി. സ്വന്തം വാഹനം ഉപയോഗിക്കാൻ പത്തുവട്ടം ചിന്തിക്കേണ്ട അവസ്ഥയാണ് ഇന്ധന വിലവർദ്ധനവിലൂടെ ഉണ്ടായതെന്നാണ് ഒരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

മുൻപ് 15000 രൂപ മാസ ചിലവുണ്ടായിരുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ 25000 രൂപയായി ഉയർന്നത് കനത്ത തിരിച്ചടി തന്നെയാണെന്ന് പരമ്പര വ്യക്തമാക്കുന്നു.

പെട്രോളിയം കമ്പനികൾ വില കൂട്ടി മാസങ്ങളായെങ്കിലും ബജറ്റിൽ ഏര്‍പ്പെടുത്തിയ സാമൂഹ്യ ക്ഷേമ സെസ് കാരണം കേരളത്തിൽ കൂടിയത് ലിറ്ററിന് 2 രൂപ വീതമാണ്.

ഭൂമിയുടെ ന്യായവില കൂടിയത് 20 ശതമാനവും, ആനുപാതിക വർധനവ് രജിസ്ട്രേഷൻ ഫീസിലുമുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ 1000 കോടിയുടെ വര്‍ദ്ധന ലക്ഷ്യമിട്ട പരിഷ്കാരങ്ങളും സാധാരണക്കാരന് അധികബാധ്യതയായി. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അടക്കം വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകളടക്കം വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരന്‍റെ പാര്‍പ്പിടമെന്ന സ്വപ്നത്തിനുള്ള പ്രഹരമായി മാറി. പോയ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തിൽ ഉണ്ടായത് 10000 കോടിയുടെ വര്‍ദ്ധനയെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക കണക്ക്. ചെലവിൽ ചുരുക്കാനായത് 20000 കോടിയും. തെരഞ്ഞെടുപ്പ് അടക്കം പ്രത്യേകിച്ച് ഒരു ബാധ്യതയും ഇല്ലാതിരുന്ന നടപ്പ് സാമ്പത്തിക വര്‍ഷം അടിച്ചേൽപ്പിച്ച കടുത്ത തീരുമാനങ്ങൾ വര്‍ഷാവസാന കണക്കെടുപ്പിൽ എന്ത് ചലനമുണ്ടാക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഏതായാലും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഏവരെയും ബാധിക്കുന്ന അധിക നികുതിയും വിലക്കയറ്റവും സര്‍ക്കാരിന്‍റെ മാര്‍ക്കിടലിനെ സ്വാധീനിക്കുമെന്നത് ഉറപ്പാണ്.