താനൂർ ബോട്ട് ദുരന്തം: മന്ത്രിമാരായ അബ്ദുറഹിമാന്റെയും അഹമ്മദ് ദേവർ കോവിലിന്റെയും പങ്ക് അന്വേഷിക്കണം

താനൂര്‍ : മനുഷ്യനിര്‍മ്മിതമായ ബോട്ട് ദുരന്തത്തിന് കാരണക്കാരായ ബോട്ട് ഉടമകളടക്കമുള്ള പ്രതികളെയും, അനധികൃതമായി ഈ ബോട്ട് സര്‍വീസ് നടത്തുന്നതിന് ഒത്താശ ചെയ്തു കൊടുക്കുകയും, കൃത്രിമമായി രേഖകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്ത മന്ത്രി വി അബ്ദുറഹിമാന്‍റെയും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെയും പങ്ക് അന്വേഷിക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പത്ര സമ്മേള നത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. താനൂര്‍ നഗരസഭ ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ നിസാമുദ്ദീനും, നാട്ടുകാരും ഈ അപകടത്തില്‍പ്പെട്ട ബോട്ടിന് മതിയായ രേഖകള്‍ ഇല്ല എന്നും, ബോട്ട് ഓടിക്കുന്ന ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ല എന്നും, അമിതമായി ആളുകളെ കയറ്റി അപകടം വരുത്തുന്ന രീതിയിലാണ് ബോട്ട് സര്‍വീസ് നടത്തുന്നത് എന്നും താനൂര്‍ പോലീസിനോട് പെരുന്നാള്‍ ദിനത്തില്‍ (22/04/2023) പരാതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സര്‍വീസ് നിര്‍ത്തിവെപ്പിക്കുകയും മതിയായ രേഖകള്‍ സമര്‍പ്പിച്ചതിനു ശേഷം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് പറയുകയുമാണ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പോലീസ് ബോട്ട് ഉടമകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയാണ് ചെയ്തത്. ബോട്ടിന്‍റെ മതിയായ രേഖകളോ ലൈസന്‍സോ ഇല്ലാതെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബാഹ്യ ശക്തികളുടെ ഇടപെടല്‍ മൂലമാണ് സര്‍വീസ് നടത്താന്‍ വിട്ടുകൊടുത്തത്. പോലീസ് ബോട്ട് വിട്ടുകൊടുത്തിട്ടില്ല എങ്കില്‍ ഈ അപകടം സംഭവിക്കില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അപകടത്തിന് കാരണം ബോട്ട് വിട്ട് കൊടുത്ത പോലീസും, പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയ മന്ത്രി ഉള്‍പ്പെടെയുള്ള ബാഹ്യ ശക്തികളാണ് കാരണക്കാര്‍. എങ്ങനെയാണ് ഈ ബോട്ട് വിട്ട് കൊടുത്തത് എന്നും ആരുടെ സമ്മര്‍ദ്ദ പ്രകാരമാണ് പോലീസ് ബോട്ട് വിട്ടുകൊടുത്തത് എന്നും പോലീസ് വ്യക്തമാക്കണം. ഇതേ താനൂര്‍ പോലീസിനെ തന്നെയാണ് കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇത് നാട്ടുകാര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ഈ അന്വേഷണസംഘത്തിനോട് അവിശ്വാസത്തിന് കാരണമാകുന്നു. മാത്രമല്ല ഈ ദുരന്തത്തിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി ബോട്ട് ഉടമയുടെ ജ്യേഷ്ഠ സഹോദരന്‍ തീരദേശ എല്‍സി കമ്മിറ്റിയുടെ ഭാരവാഹിമായ ഹംസക്കുട്ടി പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയാണ് ഇതെല്ലാം പോലീസിന്‍റെ വിശ്വസ്തതയെ ബാധിക്കുന്നതാണ്. താനൂരില്‍ നടന്ന ഈ വന്‍ ദുരന്തത്തിന് കാരണക്കാരായ സിപിഎം ബന്ധമുള്ള ബോട്ട് ഉടമയ്ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയും പൂരപ്പുഴയില്‍ ബോട്ട് സര്‍വീസ് നടത്താന്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്ത മന്ത്രി വി അബ്ദുറഹിമാനും, മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഇവര്‍ രണ്ടുപേരുടെയും രാജി മുഖ്യമന്ത്രി എഴുതി വാങ്ങി മന്ത്രിസ്ഥാനത്ത് മാറ്റിനിര്‍ത്തി നിഷ്പക്ഷമായ ഒരു അന്വേഷണം നടത്തി ഈ ദുരന്തത്തിന് കാരണക്കാരായ ബോട്ട് ഉടമയെയും, മറ്റു സഹായികളെയും അതോടൊപ്പം എല്ലാ ഒത്താശയും ചെയ്തുകൊടുത്ത ഈ രണ്ടു മന്ത്രിമാരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു വേണ്ട നിയമനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.പത്ര സമ്മേളനത്തിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എൻ മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം പി അഷ്റഫ്, മുൻസിപ്പൽ പ്രസിഡന്റ് സി മുഹമ്മദ് അഷ്റഫ്,മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി,കെ സലാം, സി പി അഷറഫ്, കോയമോൻ തുടങ്ങിയവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇