ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍; പങ്കെടുത്തത് 12 കമ്പനികളും 150 ലേറെ ഉദ്യോഗാര്‍ത്ഥികളും ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിന്റെ ഈ എഡിഷനില്‍ ആകെ 390 കമ്പനികളും 6094 ഉദ്യോഗാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തു

കൊല്ലം, ബിരുദധാരികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി കൊല്ലം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തത് 12 കമ്പനികളും 150 ലേറെ ഉദ്യോഗാര്‍ത്ഥികളും. 78 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ആറ് പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് ഓഫര്‍ ലഭിക്കുകയും ചെയ്തു. ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരളത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ ഐ.ടി/ഐ.ടി.ഇ.എസ് കമ്പനികളില്‍ ആറുമാസം ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണുകള്‍ക്ക് മാസം 5000 രൂപ ഗവണ്‍മെന്റ് സബ്‌സിഡി ഉള്‍പ്പടെ 10,000 രൂപയോ അതില്‍ കൂടുതലോ പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിന്റ രണ്ടാം പതിപ്പ് കൊല്ലം ടെക്നോപാര്‍ക്കിലെ അഷ്ടമുടി ബില്‍ഡിങ്ങില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടന്നത്. ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മികച്ച ടാലന്റ് പൂളാണ് ഉള്ളതെന്നും ഇതിനെ മെച്ചപ്പെടുത്താനും ഐ.ടി വ്യവസായ രംഗത്തിന് ആവശ്യമായ രീതിയില്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്നും ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. കൊല്ലം ടെക്നോപാര്‍ക്കിനെ വര്‍ക്കേഷന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ടൂറിസം വകുപ്പുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനതലത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലായി സംഘടിപ്പിക്കുന്ന ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിൽ ആകെ 390 കമ്പനികളും 6094 ഉദ്യോഗാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തു.ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ആദ്യ പതിപ്പില്‍, രജിസ്റ്റര്‍ ചെയ്ത 4,749 ഉദ്യോഗാര്‍ത്ഥികളില്‍ 175 പേര്‍ വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് യോഗ്യത നേടുകയും, അതില്‍ 90 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിവിധ കമ്പനികളില്‍ ഇതിനോടകം ജോലി നേടുകയും ചെയ്തു. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലായി 23 പേരും ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ 40 പേരും സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ 56 പേരും സ്റ്റാര്‍ട്ട് അപ്പ് മിഷനിലുള്ള വിവിധ കമ്പനികളില്‍ 41 പേരും മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റില്‍ (കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി) അംഗമായ വിവിധ കമ്പനികളില്‍ 13 പേരും കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കില്‍ അംഗമായ കമ്പനികളില്‍ നിന്ന് രണ്ടുപേരുമാണ് ആദ്യ പതിപ്പില്‍ പങ്കെടുത്തത്.പങ്കെടുക്കുന്ന കമ്പനികളെയും ഉദ്യോഗാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കാനും ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ക്കായി ഓരോ കമ്പനിയുടെയും ആവശ്യാനുസരണം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഫോട്ടോ ക്യാപ്ഷന്‍: കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിന്റ രണ്ടാം പതിപ്പ് കൊല്ലം ടെക്നോപാര്‍ക്കില്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇