*താനൂരിൻ്റെയും, തിരൂരിന്റെയും തീരദേശം ആസ്വദിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി*
തിരൂർ: വിനോദ സഞ്ചാരികൾക്ക് താനൂരിൻ്റെയും, തിരൂരിന്റെയും തീരപ്രദേശം കാണാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. തിരൂരിന്റെയും പൊന്നാനിയുടെയും പൈതൃകവും ജില്ലയുടെ തീരപ്രദേശങ്ങളായ താനൂർ, കൂട്ടായി പടിഞ്ഞാറേക്കര, പൊന്നാനി ബീച്ചുകളും ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം എ.ടി.ഒ ടി.എ. ഉബൈദ്, ബജറ്റ് ടൂറിസം സെൽ ജില്ല കോഓഡിനേറ്റർ പ്രദീപ് കുമാർ, കെ.എസ്.ആർ.ടി.സി തിരൂർ, പൊന്നാനി സോഷ്യൽ മീഡിയ കൂട്ടായ്മയിലെ അംഗങ്ങളും ചേർന്ന് ജില്ലയിലെ തീരദേശ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു. താനൂർ തൂവൽ തീരം ഫ്ലോട്ടിങ് ബ്രിഡ്ജ്, താനൂർ ഫിഷിങ് ഹാർബർ, പൊന്നാനി കർമ്മ റോഡ്, പൊന്നാനിയിലെ ബോട്ടിങ് കേന്ദ്രം എന്നിവയാണ് കഴിഞ്ഞ ദിവസം സംഘം പരിശോധിച്ചത്. പൈതൃക കാഴ്ചകൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പും മ്യൂസിയവും ഇതോടൊപ്പം സന്ദർശിച്ചിരുന്നു. വിനോദ സഞ്ചാരത്തോടൊപ്പം തിരൂർ ഗൾഫ് ബസാറിൽ ഷോപ്പിങിനുള്ള അവസരവും യാത്രയിൽ ഉൾപ്പെടുത്തുന്നതോടെ തിരൂരിലെ വ്യാപാര മേഖലക്കും പുതിയ സർവിസ് ഉണർവേകുമെന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ച തന്നെ സ്ഥലങ്ങൾ വീണ്ടും സന്ദർശിച്ച് വിശദമായ രൂപരേഖ തയാറാക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ അനുമതിക്കായി അയക്കുമെന്നും മലപ്പുറം എ.ടി.ഒ അറിയിച്ചു.നേരത്തെ തന്നെ തീരദേശ ഉല്ലാസയാത്രയുടെ സാധ്യതകൾ കെ.എസ്.ആർ.ടി.സി തിരൂർ സോഷ്യൽ മീഡിയ കൂട്ടായ്മ ബി.ടി.സി ജില്ല കോഓഡിനേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പടിഞ്ഞാറേക്കരയിലെ ജങ്കാർ യാത്ര ഉൾപ്പെടുന്ന രീതിയിലാണ് അന്ന് യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ നിർത്തിവച്ചിരുന്ന ജങ്കാർ സർവിസ് പുനരാരംഭിക്കാതെ വന്നതോടെ യാത്ര തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. താനൂർ തൂവൽ തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് വീണ്ടും ഉല്ലാസയാത്രയുടെ ശ്രമങ്ങൾ ആരംഭിച്ചത്.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
[adsforwp id=”35311″]
