KERALA POLICE | കുട്ടിക്കൂട്ടുകാർക്കൊപ്പം

കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന ഞങ്ങളുടെ “ചിരി” പദ്ധതിയിലേക്ക് വിളിക്കാം 9497900200

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

‘ചിരി’പദ്ധതി
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ഈ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേരാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നു.

ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്‍ററുമായി പങ്ക് വയ്ക്കുന്നത്. മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്‍ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കി.

മാനസികപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് കുട്ടികള്‍ തന്നെ ടെലിഫോണിലൂടെ കൗണ്‍സലിംഗും നല്‍കുന്നുണ്ട്. മുതിര്‍ന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്‍റിയര്‍മാര്‍. സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു. എല്ലാ ജില്ലകളിലെയും അഡീഷണല്‍ എസ്.പിമാരും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ചുമതലയുളള ഡിവൈ.എസ്.പിമാരുമാണ് ചിരി പദ്ധതിയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്. ഐ.ജി പി.വിജയനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍.