തറക്കല്ലിട്ടിട്ട് രണ്ടരവർഷം; ഉയരാതെ ചെട്ടിപ്പടി മേല്പാലം

പരപ്പനങ്ങാടി : മേൽപ്പാലമെന്ന ചെട്ടിപ്പടിക്കാരുടെ സ്വപ്നങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2021-ൽ പദ്ധതിക്ക് തുടക്കം കുറിച്ചതോടെ ചെട്ടിപ്പടിക്കാർ അവരുടെ മനസ്സിലും പാലത്തിനായി തറക്കല്ലിട്ടു. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ്‌ പൂർത്തിയായിട്ട് മൂന്നു വർഷമായി. മാവേലി സ്റ്റോർ നിന്നിരുന്ന കെട്ടിടമടക്കം പലതും ഭാഗികമായോ പൂർണമായോ പൊളിച്ചുനീക്കി.പദ്ധതിക്കായി ചെട്ടിപ്പടിയുടെ മണ്ണും നാട്ടുകാരുടെ മനസ്സും ഒരുങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ വില്ലനായി. ഒരേ ദിവസം തറക്കല്ലിട്ട താനൂർ-തെയ്യാല മേൽപ്പാലത്തിന്റെ പണി പൂർത്തീകരണത്തിലേക്ക് കടക്കുമ്പോൾ ഉയരാതെ നിൽക്കുകയാണ് ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പാലത്തിന് രണ്ടരവർഷം കഴിഞ്ഞപ്പോൾ സ്വന്തമായുള്ളത് ഏതാനും കോൺക്രീറ്റ് കുറ്റികൾ മാത്രമാണ്. ചേളാരി-പരപ്പനങ്ങാടി റോഡിലെ ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്.ചമ്രവട്ടം പാലം വന്നതോടെ റോഡിലൂടെയുള്ള ഗതാഗതം കൂടിയിട്ടുമുണ്ട്. ഒരോ തവണ ഗേറ്റടയ്ക്കുമ്പോഴും ആംബുലൻസുകളും ദീർഘദൂരബസുകളുമടക്കം നിരവധി വാഹനങ്ങളാണ് ഗേറ്റിൽ കുരുങ്ങുന്നത്. റെയിൽവേ ഗേറ്റ് തകരാറിലാവലും പതിവാണ്. റെയിൽവേ ഗേറ്റ് തകരാറിലാകുന്ന സമയത്ത് ഇടറോഡുകളെ ആശ്രയിച്ചുവേണം വാഹനങ്ങൾക്ക് അപ്പുറം കടക്കാൻ. ഈ പ്രയാസത്തെ മറികടക്കാൻ റെയിൽവേ മേൽപ്പാലംകൊണ്ടേ സാധിക്കൂ.പാലം നിർമാണത്തിനായി കെ. റെയിൽ അധികൃതരുടെ അനുമതി വാങ്ങണമെന്ന നിബന്ധനയാണ് ആദ്യം പദ്ധതിയെ വലച്ചത്. തുടർന്ന് കെ. റെയിൽ, റെയിൽവേ എന്നിവയുടെ അനുമതി വാങ്ങിയിട്ടും കാലങ്ങളോളം പാലത്തിന്റെ നിർമാണത്തിനായി നടപടിയുണ്ടായില്ല. എസ്റ്റിമേറ്റ് പുതുക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടതോടെ നിർമാണം വീണ്ടും നീണ്ടു.‘തടസ്സരഹിത റോഡ് ശൃംഖല-ലെവൽക്രോസ് മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന 10 റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് ഇത്. 251.48 കോടി രൂപ ചെലവിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള(ആർ.ബി.ഡി.സി.) യാണ് പാലങ്ങളുടെ നിർമാണം ഏറ്റെടുത്തിരുന്നത്.ജില്ലയിൽനിന്ന് ചെട്ടിപ്പടി, താനൂർ-തെയ്യാല പാലങ്ങളാണ് പദ്ധതിയിലുള്ളത്. 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ശിലാസ്ഥാപനം നിർവഹിച്ചു. ചെട്ടിപ്പടിയിൽ നടന്ന ചടങ്ങിൽ അന്നത്തെ എം.എൽ.എ.യായിരുന്ന പി.കെ. അബ്ദുറബ്ബ് ശിലാഫലകം അനാച്ഛാദനം ചെയ്തു.പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് ജൂണിൽ നടന്ന ജനപ്രതിനിധികളുടെയും ആർ.ബി.ഡി.സി. ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചത്. ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി. പുതിയ എസ്റ്റിമേറ്റ് പ്രകാരം 29 കോടിയാണ് നിർമാണചെലവ്. ഇനി കിഫ്ബിയുടെ നേതൃത്വത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.പദ്ധതി അനന്തമായി നീണ്ടുപോകുന്നതിനെതിരെ മുസ്‌ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി നടത്തുന്ന സമരം വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ നടക്കും. കെ.പി.എ. മജീദ് എം.എൽ.എം. ഉദ്ഘാടനം ചെയ്യും. പി. അബ്ദുൽ ഹമീദ് എം.എൽ.എ., മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്തംഗം എ.പി. ഉണ്ണികൃഷ്ണൻ, സിദ്ദീഖലി രാങ്ങാട്ടൂർ തുടങ്ങിയവർ പങ്കെടുക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബാപ്പു വടക്കയിൽ

+91 93491 88855