ഹജൂര്‍ കച്ചേരി നവീകരണത്തിലെ വ്യാപക ക്രമക്കേടും അപാകതയും ജില്ലാ പൈതൃക മ്യൂസിയ സജീകരണ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രി ചുറ്റിത്തിരിയും

തിരൂരങ്ങാടി: ഹജൂര്‍ കച്ചേരി നവീകരണത്തില്‍ വ്യാപക ക്രമക്കേടും അപാകതയുമെന്ന് ആക്ഷേപം. ജില്ലാ പൈതൃക മ്യൂസിയമായി 2013-ല്‍ പി.കെ അബ്ദറബ്ബ് വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് പ്രഖ്യാപിക്കപ്പെട്ട കെട്ടിടത്തിലെ നവീകരണത്തിലാണ് വ്യാപക ക്രമക്കേടും അപാകതയുമുള്ളത്. ഹജൂര്‍ കച്ചേരി കോമ്പൗണ്ടില്‍ തന്നെയുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളെയും വെവ്വേറെയാക്കിയതോടെ ഇന്ന് ജില്ലാ പൈതൃക മ്യൂസിയ സജീകരണം ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രി ചുറ്റിത്തിരിയും. ഓരേ കോമ്പൗണ്ടില്‍ അഞ്ച് മീറ്റര്‍ അകലത്തില്‍ മാത്രം സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലേക്ക് ഇപ്പോള്‍ പ്രവേശിക്കണമെങ്കില്‍ അരകിലോ മീറ്ററിന് അടുത്ത് സഞ്ചരിക്കണം. ജില്ലാ പൈതൃക മ്യൂസിയമായി ഹജൂര്‍ കച്ചേരിയെ തീരുമാനിച്ച സമയത്ത് തന്നെ രണ്ട് കെട്ടിടങ്ങളെയും പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും കെട്ടിടങ്ങളുടെ സംരക്ഷണത്തിനും ജില്ലാ പൈതൃക മ്യൂസിയം സജീകരിക്കുന്നതിനുമായി നാല് കോടി രൂപ അനുവദിച്ചിരുന്നു. അതില്‍ കെട്ടിടങ്ങളുടെ പഴമ നിലനിര്‍ത്തി നവീകരിക്കുന്നതിനും പെയിന്റിംഗ്, ടോയ്‌ലറ്റ് നവീകരണം, ഇന്റര്‍ ലോക്ക്, ചുറ്റുമതില്‍ എന്നിവക്ക് 60 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. അതിന്റെ പ്രവൃത്തികളില്‍ അക്കാലത്ത് കോടതി, പോലീസ് സ്‌റ്റേഷന്‍ എന്നിവയെല്ലാമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം മാത്രം നവീകരിക്കുകയും അതിന് ചുറ്റുമതില്‍ കെട്ടുകയും ചെയ്തു. 2013-ല്‍ 60 സെന്റ് ഭൂമി പുരാവസ്തുവിന് നല്‍കിയട്ട് 39 സെന്റിന് മാത്രമാണ് ചുറ്റുമതില്‍ സ്ഥാപിച്ചത്. മാത്രവുമല്ല അക്കാലത്ത് ബ്രട്ടീഷുകാരുടെ ബംഗ്ലാവും ജഡ്ജിമാരടക്കം വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന കെട്ടിടം അഥവാ ഇപ്പോള്‍ രജിസ്ട്രാര്‍ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ നവീകരണ പ്രവര്‍ത്തികള്‍ നടത്താനോ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാനോ അധികൃതര്‍ തെയ്യാറായില്ല. ഇത് സംരക്ഷിക്കുന്നതിനെന്ന പേരില്‍ വീണ്ടും 20 ലക്ഷം രൂപ കൂടി ചെലഴിച്ചു. ഇവിടെ പുതിയ ഇന്റര്‍ലോക് സ്ഥാപിക്കുകയും പെയിന്റിംഗ് നടത്തുകയുമാണ് ചെയ്തത്. ഇന്ന് ഈ നവീകരണത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ഈ കെട്ടിട നവീകരണം ഉദ്ഘാടനം ചെയ്ത് ഇതേ കോമ്പൗണ്ടിലുള്ള പ്രസംഗ വേദിയിലേക്ക് കടക്കണമെങ്കില്‍ അര കിലോമീറ്ററോളം ചെമ്മാട് ടൗണിലൂടെ ചുറ്റി പോകേണ്ടതുണ്ട്. മാത്രവുമല്ല ഈ ബഗ്ലാവിന്റെ പഴമ നിലനിര്‍ത്തുന്നതിലും അപാകത സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് പിറക് വശത്തുള്ള ടോയ്‌ലറ്റ് മറ്റു ഇതര കെട്ടിടങ്ങളെല്ലാം ഇഴ ചെന്തുക്കളുടെ താവളമായാണ് കിടക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും ചുണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷ്ണല്‍ ചീഫ്‌സെക്രട്ടറി ഡോ. വേണു ഐ.പി.എസിന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും നേരത്തെ ഈ മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത് ശാസ്ത്രീയ പ്രവൃത്തി പൂര്‍ത്തിയാക്കിയ ഫലകം ഹജൂര്‍ കച്ചേരിയിലുണ്ടെന്നും മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, ജനറല്‍ സെക്രട്ടറി പി.എം സാലിം എന്നിവര്‍ പറഞ്ഞു. ഒഴിയുന്നതിന് മുമ്പ് ചെയ്തത് തന്നെ വീണ്ടും വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തുന്നത് വേറെ പണി ഇല്ലാത്തത് കൊണ്ടാണെന്നും ഇവര്‍ പറഞ്ഞു.

Comments are closed.