fbpx

തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലെ കോവിഡ് ചികില്‍സക്ക് ജീവനക്കാരെ നിയമിക്കുമെന്ന് യൂത്ത്‌ലീഗിന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ഉറപ്പ്

തിരൂരങ്ങാടി: കോവിഡ് ഡ്യൂട്ടിക്കായി തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലേക്ക് പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. കോവിഡ് ചികില്‍സക്കായി എന്‍.എച്ച്.എമ്മില്‍ നിന്നും നിയമിച്ച 64 ജീവനക്കാരെ പിന്‍വലിച്ചതിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാനെത്തിയ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ക്കാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, എന്‍.എച്ച്.എം ജില്ലാ ഓഫീസര്‍ ഡോ. അനൂപ് എന്നിവരുമായി ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, എം.കെ ജൈസല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഇവര്‍ക്ക് നിവേദനം കൈമാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ധേശ പ്രകാരമാണ് നിലവിലെ കോവിഡ് ജീവനക്കാരെ പിന്‍വലിച്ചത്. സംസ്ഥാനത്തെ എല്ലാ ആസ്പത്രികളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രി, തിരൂരങ്ങാടി താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിലേക്ക് കോവിഡ് ചികില്‍സക്കാവശ്യമായ ജീവനക്കാരെ അടിയന്തിരമായി തന്നെ നിയമിക്കുമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ അറിയിച്ചു.
കോരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എന്‍.എച്ച്.എമ്മില്‍ നിന്നും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലേക്ക് 64 ജീവക്കാരനെ പ്രത്യേകം നിയമിച്ചിരുന്നു. ഡോക്ടര്‍-10, സ്റ്റാഫ് നെഴ്‌സ്-20, ക്ലനിംഗ് സ്റ്റാഫ്-15, ഇ.സി.ജി ടെക്‌നിഷന്‍-മൂന്ന്, ലാബ് ടെക്‌നീഷന്‍-നാല്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-രണ്ട്, ഫാര്‍മസിസ്റ്റ്-രണ്ട്, ഡെന്റല്‍ ഡോക്ടേഴ്‌സ്- മൂന്ന്, എക്‌സറേ ടെക്‌നീഷന്‍-മൂന്ന്, ബയോ മെഡിക്കല്‍ എഞ്ചിനിയര്‍ ഒന്ന്, ജെ.എച്ച്.ഐ ഒന്ന് എന്നിങ്ങനെയായിരുന്നു നിയമനം. ഇവരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യൂത്ത്‌ലീഗ് പ്രതിഷേധവുമായെത്തിയത്.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒ.പിയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ സമയത്ത് ജീവനക്കാരെ പിന്‍വലിച്ചത് ശരിയായില്ലെന്നും നിലവിലുള്ള ജീവനക്കാരെയും ഡോക്ടര്‍മാരെയും വെച്ച് കോവിഡ് ചികില്‍സയും കോവിഡ് ഇതര ചികില്‍സയും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും സാധാരണ ചികില്‍സക്ക് തന്നെ ജീവനക്കാരില്ലാത്തതിനാല്‍ പ്രയാസപ്പെടുന്ന ആസ്പത്രിയില്‍ കോവിഡ് ചികില്‍സ കൂടി ഈ ജീവനക്കാരെ വെച്ച് നടത്തുക അസാധ്യമാണെന്നും അതിനാല്‍ ആസ്പത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റുമെന്നും യൂത്ത്‌ലീഗ് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഒന്നര വര്‍ഷത്തോളമായി സുപ്രണ്ടില്ലാത്തതും ചര്‍ച്ചയില്‍ യൂത്ത്‌ലീഗ് ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. രണ്ട് മാസത്തിനകം പുതിയ സുപ്രണ്ടിനെ ആസ്പത്രിയില്‍ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.