തിരൂരങ്ങാടി സ്‌റ്റേഷന്‍ നവീകരണത്തില്‍ ഒന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയല്ലെന്ന് മുഖ്യമന്ത്രി; ചിലവഴിച്ചത് 3072452 രൂപ
തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ ഒന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ എല്ലാ സാധനങ്ങള്‍ക്കും സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. അത് കൈപറ്റിയിട്ടുമുണ്ട്. പോലീസ് സ്റ്റേഷന്റെ നവീകരിച്ചതിന് അഞ്ച് ലക്ഷം രൂപ, സി.സി.ടി.വി കാമറ സ്ഥാപിച്ചതിന് 72452 രൂപ, വനിത ഹെല്‍പ്പ് ഡെസ്‌ക് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ, സ്റ്റേഷനിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ 125000 രൂപ, സ്റ്റേഷനിലേക്ക് ഉപകരണങ്ങള്‍ 125000 രൂപ, അടിസ്ഥാന പരിശീലന യൂണിറ്റ് നിര്‍മ്മാണത്തിന് 125000 രൂപ, സ്മാര്‍ട്ട് സ്റ്റോറേജ് നിര്‍മ്മാണത്തിന് 125000 രൂപ, സ്ത്രീ ശിശു സൗഹൃദ ബ്ലോക്ക് നിര്‍മ്മാണത്തിന് 275000 രൂപ, പൊലീസ് സ്റ്റേഷന്‍ പരിപാലനത്തിന് 625000 രൂപ, അംഗ പരിമിതര്‍ക്കുള്ള റാംപും ടോയ്ലറ്റും നിര്‍മ്മിക്കുന്നതിന് 125000 രൂപ, അടിസ്ഥാന സൗകര്യ വികസനത്തിന് 875000 രൂപയും ചിലവഴിച്ചെന്നും കൈപറ്റിയെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
പൊലീസ് പിടിച്ചെടുത്ത മണല്‍ സ്റ്റേഷന്‍ നവീകരണത്തിന് ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. പൊലീസിന് സ്‌പോണ്‍സര്‍ഷിപ്പിലോ പാരിതോഷികമായോ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ അനുമതി നല്‍കുകയോ അത്തരത്തില്‍ നവീകരണ പ്രവൃത്തി നടത്തുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതേ സമയം തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചതും സ്റ്റേഷന്‍ പരിസരത്തെ കടകളില്‍ നിന്നും പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങിയതും വലിയ വിവാദമായിരുന്നു. വിഷയത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു. തലപ്പാറ, വെഞ്ചാലി, കക്കാട്, ചെമ്മാട്, ബൈപ്പാസ്, വെന്നിയൂര്‍, പൂക്കിപറമ്പ് പ്രദേശങ്ങളിലെ കടകളില്‍ നിന്നുമെല്ലാം സ്റ്റേഷന്‍ നവീകരണത്തിനായി പൊലീസ് സാധനങ്ങള്‍ വാങ്ങിയെന്ന ആരോപണമായിരുന്നു ഉയര്‍ന്നിരുന്നത്. ഇത് കടയുടമകള്‍ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയോടെ സൗജന്യമായി നല്‍കിയ സാധനങ്ങള്‍ക്കും പണം കൈപറ്റിയിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്.
പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ അഴിമതി
മുസ്്‌ലിം യൂത്ത്‌ലീഗ് ആരോപണം ശരിയെന്ന് തെളിഞ്ഞു: യൂത്ത്‌ലീഗ്
തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞതായി മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 30 ലക്ഷത്തിലേറെ രൂപയുടെ നവീകരണ പ്രവൃത്തികളാണ് സ്റ്റേഷനില്‍ നടന്നത്. അവിടെ നടന്ന നവീകരണത്തിലെ മിക്കവയും പൊലീസ് സൗജന്യമായി സംഘടിപ്പിച്ചവയായിരുന്നു. പൊലീസ് കടകളില്‍ ചെന്ന് സൗജന്യമായി സംഘടിപ്പിച്ചതേ തെറ്റാണ്. പുറമെ അതിന് സര്‍ക്കാറില്‍ നിന്നും പണം കൈപറ്റുക കൂടി ചെയ്തിട്ടുണ്ടെന്ന് വേണം കരുതാന്‍. തൊണ്ടി മണല്‍ ഉപയോഗിച്ചതിന് തെളിവ് നല്‍കിയിട്ടും ജില്ലാ പൊലീസ് മേധാവി ഗൗനിച്ചില്ല. എസ്.പിയുടെ അറിവോടെയാണോ ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കേണ്ട സ്ഥിതിയാണ്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു.