കുടുംബശ്രീ രജതജൂബിലി ആഘോഷം.തിരൂരങ്ങാടിയിൽ വിളംബര ഘോഷയാത്ര നടത്തി.

കുടുംബശ്രീ രജതജൂബിലി ആഘോഷം.തിരൂരങ്ങാടിയിൽ വിളംബര ഘോഷയാത്ര നടത്തി.25ന്റെ ചെറുപ്പം ആഘോഷിച്ചു തുടങ്ങിയിരിക്കുകയാണ് കുടുംബശ്രീ. നാലാള്‍ കൂടുന്നിടത്ത് തലയുയർത്തി നിന്ന് ഉറച്ച ശബ്ദത്തില്‍ സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും പറയാന്‍, അടുക്കളയുടെ നാല് ചുവരുകള്‍ക്ക് വെളിയില്‍ സ്വന്തം വീടിന് പുറത്തും മറ്റൊരു ലോകമുണ്ടെന്നും ആ ലോകത്തില്‍ തങ്ങള്‍ അനിവാര്യരാണെന്ന ബോധം കൈവരിക്കാന്‍, വളയിട്ട കൈകള്‍ക്കും പണമിടപാടുകള്‍ ചെയ്യാനാകുമെന്ന വിശ്വാസം പിടിയിലൊതുക്കാന്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റങ്ങളുടെ വഴിവിളക്കായി തീര്‍ന്ന കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഈ 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ തുടക്കമാകുകയാണ്. അതിനു മുന്നോടിയായി തിരുരങ്ങാടി നഗരസഭ സിഡിഎസ് അയൽക്കൂട്ടം അംഗങ്ങളുടെ വിളംബര ഘോഷയാത്ര നടത്തി. തിരൂരങ്ങാടി നഗരസഭയിലെ 225 അയല്‍ക്കൂട്ടങ്ങളിലും 26ന് സംഘടിപ്പിക്കുന്ന ‘ചുവട് 2023’ എന്ന അയല്‍ക്കൂട്ട സംഗമത്തില്‍ 3124 അയല്‍ക്കൂട്ടാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും വയോജന അയല്‍ക്കൂട്ടാംഗങ്ങളും പ്രത്യേക അയല്‍ക്കൂട്ടാംഗങ്ങളും ഭാഗമാവും. ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ഈ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എ.ഡി.എസിന് (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) കൈമാറും. ഇതിൻറെ അടിസ്ഥാനത്തിൽ സിഡിഎസുകൾ അവരുടെ വിഷൻ ഡോക്യുമെന്റ് തയാറാക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുകയാണ് ലക്ഷ്യം. രജത ജൂബിലി ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും നഗരസഭയാകെ അറിയിക്കുകയും ചെയ്യുന്നതിനായാണ് ഘോഷയാത്ര നടത്തിയത്.പൊതു ഇടങ്ങള സ്ത്രീകളുടേതുകൂടിയാണെന്നും അവരുടെ സാമൂഹിക, സാംസ്‌ക്കാരിക, ആവിഷ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നതും ചുവട്-2023ന്റെ ലക്ഷ്യങ്ങളാണ്.വിളംബര ഘോഷയാത്രയിൽ തിരുരങ്ങാടി നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ സുഹറാബി സി പി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സുജിനി എം, വഹീദ ചെമ്പ, സിഡിഎസ് ചെയർപേഴ്സൺ റംല കക്കടവത്ത്, വൈസ് ചെയർപേഴ്സൺ റഷീദ, ഉപ സമിതി കൺവീനർമാരായ ചിത്ര, ആമിന, ഹഫ്‌സത്, ഗീത, സിഡിഎസ് മേംമ്പർമാർ ,എ ഡീ എസ് ഭാരവാഹികൾ, അയൽക്കൂട്ടം അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.അഷ്റഫ് കളത്തിങ്ങൽ പാറ9744663366

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇