fbpx

തിരൂരങ്ങാടിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും: കെ.പി.എ മജീദ്.

തിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച വികസന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗതാഗതക്കുരുക്ക് രൂക്ഷമായ ചെമ്മാട് മേല്‍പ്പാലം നിര്‍മ്മാണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ അടുത്ത അഴ്ച്ച ആരംഭിക്കും. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉഗ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വ്യാപാരികളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും. പൂക്കിപറമ്പ് ബൈപ്പാസ് നിര്‍മ്മാണ സ്ഥലമെടുപ്പ് വേഗത്തിലാക്കും. പരപ്പനങ്ങാടി എല്‍.ബി.എസ്, സയന്‍സ് പാര്‍ക്ക്, കുണ്ടൂര്‍ തോട്, മോര്യാകാപ്പ്, ഹജൂര്‍ കച്ചേരി വിവിധ കുടിവെള്ള പദ്ധതികള്‍, ടൂറിസം പദ്ധതി എന്നിവക്ക് ഫണ്ട് ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാറിനെ സമീപിക്കും.
നിര്‍മ്മാണത്തിലിരിക്കുന്ന 14 കോടിയുടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി കെട്ടിടം, 25 കോടിയുടെ കോടതി സമുഛയ നിര്‍മ്മാണം, 6 കോടിയുടെ പരപ്പനങ്ങാടി രജിസ്‌ട്രേഷന്‍ ഓഫീസ് നിര്‍മ്മാണം, രണ്ട് കോടിയുടെ ന്യൂക്കട്ട് തടയണ നിര്‍മ്മാണം, അഞ്ച് കോടിയുടെ പെരുമണ്ണ ക്ലാരി, എടരിക്കോട് പഞ്ചായത്തുകളുടെ പി.എച്ച്.സി കെട്ടിട നിര്‍മ്മാണം, മൂന്ന് കോടിയുടെ എടരിക്കോട് വനിത പോളി കെട്ടിട നിര്‍മ്മാണം, 45 കോടിയുടെ തിരൂരങ്ങാടി സമഗ്ര കുടിവെള്ള പദ്ധതി, 99 കോടിയുടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി, മൂന്ന് കോടിയുടെ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണം, ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം എന്നിവ വേഗത്തില്‍ നടപ്പിലാക്കും.
ചെമ്മാടിന്റെ ഹൃദയ ഭാഗത്ത് ഒന്നര ഏക്കര്‍ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന തിരൂരങ്ങാടി പൊലീസ് ഹെഡ് ക്വോട്ടേഴ്‌സിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ഈ സ്ഥലത്ത് പൊലീസ് ഹബ്ബ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തെയ്യാറാക്കും. ഡി.വൈ.എസ്.പി ഓഫീസ്, തിരൂരങ്ങാടി സി.ഐ ഓഫീസ്, എസ്.ഐ ഓഫീസ്, പൊലീസ് സ്റ്റേഷന്‍, ട്രാഫിക് യൂണിറ്റ് എന്നിവക്ക് പുറമെ താമസിക്കാനായി ഫ്‌ളാറ്റുകളടങ്ങിയ നാല് നിലകെട്ടിടം നിര്‍മ്മിക്കുന്നതിനാണ് പദ്ധതി തെയ്യാറാക്കുക. ഇത് സംബന്ധിച്ച നിര്‍ദ്ധേശം ചര്‍ച്ചയില്‍ യൂത്ത്‌ലീഗ് ഭാരവാഹികള്‍ എം.എല്‍എക്ക് സമര്‍പ്പിച്ചു. ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കുന്നതിനും, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് പി.എച്ച്.സികള്‍ എഫ്.എച്ച്.സിയാക്കി ഉയര്‍ത്തുന്നതിനും പരപ്പനങ്ങാടി സി.എച്ച്.സി താലൂക്ക് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കുന്നതിനും നിര്‍ദ്ധേശം സമര്‍പ്പിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രസിഡന്റ് പി അലി അക്ബര്‍ അധ്യക്ഷനായി.
മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, സി.കെ.എ റസാഖ്, ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റാസഖ്, ട്രഷറര്‍ അനീസ് കൂരിയാടന്‍, പി.ടി സലാഹ്, ഉസ്മാന്‍ കാച്ചടി, പി.പി അഫ്‌സല്‍, യു ഷാഫി, പി.പി ഷാഹുല്‍ ഹമീദ്, ടി.വി നൗഷാദ്, ടി.കെ നാസര്‍ പ്രസംഗിച്ചു.