fbpx

കാളംതിരുത്തി തോട് മണ്ണിട്ട് നികത്തിയ സംഭവം.തോട്ടുമ്പുറം തോടിന്റെ അതിരുകൾ കണ്ടെത്താന്‍ സര്‍വ്വേ നടത്തും.

തിരൂരങ്ങാടി: കാളംതിരുത്തി തോട്ടുമ്പുറം തോട് മണ്ണിട്ട് നശിപ്പിച്ച സംഭവത്തില്‍ സര്‍വ്വേ നടത്തി തോടിന്റെ അതിരളവുകൾ കണ്ടെത്താന്‍ പ്രത്യേക സമിതി യോഗം തീരുമാനിച്ചു. തോടിന്റെ അതിർത്തി നിർണ്ണയിച്ച് ആസ്തി രജിസ്റ്ററില്‍ ഉൾപ്പെടുത്തുന്നതിനാണ് ഇന്നലെ നന്നമ്പ്ര പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന പ്രത്യേക സമിതി യോഗത്തിലെ തീരുമാനം. തിരൂരങ്ങാടി എസ്.എച്ച്.ഒ ശ്രീനിവാസന്‍ വിളിച്ചു ചേർത്ത വിവിധ കക്ഷികളുടെയും ഉദ്യോഗസ്ഥ ഭരണ വിഭാഗത്തിന്റെയും യോഗ തീരുമാന പ്രകാരമാണ് പ്രത്യേക സമിതി രൂപീകരിച്ചത്.ഈ സമിതിയുടെ ആദ്യ യോഗമാണ് ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ചേർന്നത്. തോടിന്റെ വീതി സംബദ്ധിച്ച് തർക്കം നിലനിൽക്കുന്നതിനാല്‍ തോടിന്റെ വീതി കണ്ടെത്തി ആസ്തി രജിസ്റ്ററില്‍ ഉൾപ്പെടുത്തനാണ് തീരുമാനമായത്.പഞ്ചായത്ത്, വില്ലേജ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരാതിക്കാരെ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തുക.മണ്ണിട്ട് നികത്തിയ തോടിന്റെ ഇരുകരകളിലുമുള്ള ഭൂ ഉടമകളുടെ സ്ഥലത്തിന്റെ അതിര് നിർണ്ണയിച്ച് ബാക്കിയുള്ള ഭൂമി തോടായി കണക്കാക്കാനാണ് യോഗത്തിലെ തീരുമാനമായത്.സര്‍വ്വേ നടപടികൾ പൂർത്തീകരിച്ച ശേഷം സമിതി വീണ്ടും യോഗം ചേര്‍ന്ന് റോഡ് വിഷയത്തിൽ തീരുമാനമെടുക്കും.തോട് തോടായി തന്നെ നിലനിര്‍ത്താനെ സാധിക്കൂവെന്ന് നന്നമ്പ്ര വില്ലേജ് ഓഫീസര്‍ യോഗത്തെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത് അധ്യക്ഷയായി. തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ റഫീഖ്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി ബാപ്പുട്ടി, പി സുമിത്ര, വി.കെ ഷമീന, യു.എ റസാഖ്, എം.പി സ്വാലിഹ് തങ്ങള്‍, നടുത്തൊടി മുസ്തഫ, ഇമ്പിച്ചി കോയ തങ്ങള്‍, ഹംസ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.