മണ്ഡലത്തിലെ വികസനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും: കെ.പി.എ മജീദ്
സമഗ്ര വികസനത്തിനായി 500-കോടിയുടെ പദ്ധതികള്‍

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വികസനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി മീഡിയ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 500-ലേറെ കോടിയുടെ പദ്ധതികളാണ് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. മണ്ഡലത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയാണ് മുഖ്യലക്ഷ്യം. അതിനായി 96.8 കോടിയുടെ നന്നമ്പ്ര കുടിവെള്ള പദ്ധതിയും 77 കോടിയുടെ എടരിക്കോട് കുടിവെള്ള പദ്ധതിയും 14.56 കോടിയുടെ തിരൂരങ്ങാടി അമൃത് പദ്ധതിയും പരപ്പനങ്ങാടിയുടെ 22 കോടിയുടെ അമൃത് പദ്ധതിയും ഉടന്‍ ആരംഭിക്കാനിരിക്കുന്നവയാണ്.
തെന്നല മള്‍ട്ടി ജി.പി ജലനിധി പദ്ധതി നന്നായി മുന്നോട്ട് പോകുന്നുണ്ട്. അതിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി 14.88 കോടി രൂപയും നഗരസഞ്ചയം പദ്ധതിയില്‍ 9 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തിരൂരങ്ങാടി കല്ലക്കയം പദ്ധതിക്കായി 14 കോടിയും ന്യൂക്കട്ട് വാട്ടര്‍ സ്‌റ്റോറേജ്, മൂഴിക്കല്‍ തടയണ എന്നിവ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായ പദ്ധതികളാണ്. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 15 കോടി രൂപയും തെന്നല പെരുമ്പുഴ തോട് നവീകരണത്തിന് 6.87 കോടിയും കടല്‍ഭിത്തി നിര്‍മ്മാണത്തിന് 5 കോടി രൂപയും വെഞ്ചാലി എക്‌സ്പ്രസ് കനാല്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഇതിനോടകം രണ്ട് കോടിയിലതികം രൂപ ചെലവഴിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പദ്ധതികളും കെട്ടിട നിര്‍മ്മാണങ്ങളും വരാനിരിക്കുന്നു. ആശുപത്രിക്കായി സമഗ്ര വികസന പ്ലാന്‍ തെയ്യാറാക്കിയിട്ടുണ്ടെന്നും മണ്ഡലത്തിലെ ആരോഗ്യ മേഖലക്ക് തന്നെ വലിയ മുന്നേറ്റം സമ്മാനിക്കുന്നതാണ് പ്ലാനെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. പെരുമണ്ണ ക്ലാരി ആരോഗ്യ കേന്ദ്രം, എടരിക്കോട് ആരോഗ്യ കേന്ദ്രം, പെരുമണ്ണ ആരോഗ്യ ഉപ കേന്ദ്രം, നന്നമ്പ്ര ആരോഗ്യ ഉപ കേന്ദ്രം, തെന്നല ആരോഗ്യ കേന്ദ്രം, പരപ്പനങ്ങാടി ആരോഗ്യ കേന്ദ്രം എന്നിവക്കെല്ലാം ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.
മണ്ഡലത്തെ പ്രകാശി പൂരിതമാക്കാന്‍ അമ്പതോളം ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകള്‍ ഒരു വര്‍ഷത്തിനിടെ നല്‍കി. സയന്‍സ് പാര്‍ക്ക് 1.5 കോടി രൂപ, പരപ്പനങ്ങാടി കോടതി നിര്‍മ്മാണം 25.6 കോടി, പോക്‌സോ കോടതി 25 ലക്ഷം, ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയ നിര്‍മ്മാണം 3.9 കോടി, പെരുമണ്ണ ക്ലാരി തോടി നവീകരണം 1 കോടി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്നവയാണ്. ചെട്ടിപ്പടി മേല്‍പ്പാലം, സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണം എന്നിവയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 100 കോടി രൂപ അനുവദിച്ച വെന്നിയൂര്‍ പതിനാറുങ്ങല്‍ ബൈപ്പാസ് സാധ്യതകള്‍ സജീവമാക്കുമെന്നും ന്യൂക്കട്ട് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു. കാച്ചടിയില്‍ നടന്ന പരിപാടിയില്‍ മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജി, ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ട്രഷറര്‍ വി.പി കോയ ഹാജി, മറ്റു ഭാരവാഹികളായ ചെറിയാപ്പു ഹാജി, എ.കെ മുസ്തഫ, ബി.കെ സിദ്ധീഖ്, സി.ടി നാസര്‍, യു.കെ മുസ്തഫ മാസ്റ്റര്‍, വി.ടി സുബൈര്‍ തങ്ങള്‍, വി.എം മജീദ് എന്നിവരും പങ്കെടുത്തു.

Comments are closed.