അന്ത്യയാത്രയിലും അവർ ഒരുമിച്ച് ; ഉപ്പയായ സിദ്ദീഖിന്റെ കൂടെ മക്കളായ ഫൈസാനും ഫാത്തിമ മിൻഹയും യാത്രയായി*

*താനൂർ: താനൂർ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ട ഓലപ്പീടിക കാട്ടിലെ പീടിയേക്കൽ സിദ്ദീഖിന്റെ (35) കരം പിടിച്ച് മക്കളായ ഫൈസാനും ഫാത്തിമ മിൻഹയും നടന്നു കയറിയത് മരണത്തിലേക്കായിരുന്നു. ഞായറാഴ്ചയിലെ അവധി ദിനത്തിൽ മൂന്നു മക്കളോടൊപ്പം താനൂർ തൂവൽ തീരത്ത് എത്തിയ സിദ്ദീഖും രണ്ട് മക്കളും മറ്റൊരു ലോകത്തേക്ക് യാത്രയായപ്പോൾ ബാക്കിയായത് വൃദ്ധയായ മാതാവും ഭാര്യ മുനീറയും ഇവരോടൊപ്പം അപകടത്തിൽപെട്ട് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള റജ്‌വയും മൂത്ത മകൻ ജുനൈദുമാണ് . മൂന്ന് വയസ്സുകാരനായ ഫൈസാനും ഭിന്നശേഷിക്കാരി കൂടിയായ പന്ത്രണ്ടുകാരി ഫാത്തിമ മിൻഹയുമാണ് അന്ത്യാത്രയിൽ പിതാവിന് കൂട്ടായത്.മക്കളെ അതിരറ്റ് സ്നേഹിച്ചിരുന്ന സിദ്ദീഖിന്റെ അന്ത്യയാത്രയും മക്കളോടൊപ്പമാകണമെന്നതായിരുന്നു വിധി.

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായ മൂത്ത മകൻ ജുനൈദ് പിതാവിന് ഒപ്പം തൂവൽ തീരത്തേക്ക് പോയിരുന്നില്ല. താനൂരിലെ ഗ്ലാസ് മാർട്ട് ജീവനക്കാരനായിരുന്ന സിദ്ദീഖിന്റെയും മക്കളുടേയും വിയോഗ വാർത്തയറിഞ്ഞ് ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിന് വെച്ച ഓലപ്പീടിക ബദരിയാ മദ്രസയിലേക്ക് ഒഴുകിയെത്തിയത്. പൊതുദർശനത്തിന് ശേഷം സ്ത്രീകൾക്കും അടുത്ത ബന്ധുക്കൾക്കും ആയി വീട്ടിലും സൗകര്യമൊരുക്കിയിരുന്നു. മൃതദേഹങ്ങൾ ഓലപ്പീടിക ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. പാലത്തിങ്ങലിൽ വെച്ച് നടന്ന മയ്യത്ത് നമസ്കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ബദർ ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് സയ്യിദ് ഷാഹുൽഹമീദ് ജമലുല്ലൈലി തങ്ങളും നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇