ദേശീയ വിര വിമുക്ത ദിനം പരിപാടികൾ ശ്രദ്ധേയമായി

തിരൂരങ്ങാടി: ദേശീയ വിര വിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ഒന്ന്‌ മുതൽ 19 വയസ്സുവരെയുള്ളവർക്ക്‌ വിര ഗുളിക (ആൽബൺഡസോൾ) നൽകി. ദേശീയ വിര വിമുക്ത ദിനമായ ജനുവരി 17 ചൊവ്വാഴ്‌ച
ജില്ലാധികൃതർ, തദ്ദേശ വകുപ്പ്, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുമായി ചേർന്നാണ്‌ ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

നെടുവ ഹെൽത്ത് ബ്ലോക്ക് തല ഉദ്ഘാടനം തിരൂരങ്ങാടി ഗവ:ഹയർ സെക്കൻററി സ്കൂളിൽ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഹാജി നെടുവ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ & ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് എന്നിവർക്ക് ഗുളിക നൽകി ഉദ്ഘാടനം നിർവഹിച്ചു. രണ്ടുപേരും സ്കൂളിൽ നടന്ന യോഗത്തിൽ വച്ച് ഗുളിക ചവച്ചരച്ച് കഴിച്ചുകൊണ്ട് മാതൃകയായി. തുടർന്ന് കുട്ടികൾ ഒരോരുത്തരായി ഗുളിക ചവച്ചരച്ച് കഴിച്ചു.


വൈസ് ചെയർപേഴ്സൺ സി.പി.സുഹറാബി അദ്ധ്യക്ഷയായിരുന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി.ഇസ്മയിൽ മുഖ്യാതിഥിയായിരുന്നു.നെടുവ സാമൂഹ്യാരോഗ്യകേന്ദ്രം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

നെടുവ ഹെൽത്ത് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, സ്കൂൾ പ്രിൻസിപ്പൽ ഷീജ.പി.ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ലത സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ ഷീനാമോൾ മാത്യു നന്ദിയും പറഞ്ഞു.

65 ശതമാനം കുട്ടികൾക്കാണ് വിരബാധയുള്ളതായാണ്‌ കണക്കുകൾ. വിളർച്ച, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഛർദ്ദിയും വയറിളക്കവും, മലത്തിൽകൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ. കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും കൂടിവരും. മണ്ണിൽക്കൂടി പകരുന്ന വിരകൾ മനുഷ്യന്റെ ആമാശയത്തിൽ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്യും. പൊതുസ്ഥലത്തു മലവിസർജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകൾ മണ്ണിലും ജലത്തിലും കലരും. പച്ചക്കറികളും പഴവർഗങ്ങളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകൾ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകർച്ച ഉണ്ടാകാം.
കുട്ടികൾക്ക് ആറുമാസത്തിലൊരിക്കൽ വിരയിളക്കൽ നടത്തിയാൽ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വർഷത്തിൽ രണ്ടുപ്രാവശ്യം വിരയിളക്കൽ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നു.
ഒന്നു മുതൽ രണ്ടു വയസ്സുവരെയുള്ളവർക്ക്‌ അര ഗുളികയും രണ്ട്‌ മുതൽ 3 വയസ്സുവരെയുള്ളവർക്ക്‌ ഒരു ഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു കൊടുക്കണം. മൂന്ന്‌ മുതൽ 19 വരെയുള്ളവർ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം.
കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ കഴിച്ചു എന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പാക്കണമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു.

പി.ആർ.ഒ/ലൈസൻ ഓഫീസർ ധനയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രശാന്ത്.വി, അബ്ദുൽറസാഖ്, പ്രദീപ്കുമാർ.പി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ മിനി.പി, സൗമ്യ.എ.പി, റജീന.ഇ തുടങ്ങിയവർ നേതൃത്വം നൽകി.

നെടുവ ഹെൽത്ത് ബ്ലോക്ക് ഏരിയായിൽ വരുന്ന പരപ്പനങ്ങാടി മുൻസിപ്പാലിറ്റി, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്, നന്നമ്പ്ര ഗ്രാമപഞ്ചായത്ത്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇത്തരത്തിൽ പരിപാടികളുടെ ഉദ്ഘാടനകർമ്മം അതാത് നഗരസഭ/ ഗ്രാമപഞ്ചായത്ത് ചെയർമാൻ/പ്രസിഡണ്ടുമാർ നിർവഹിച്ചുകൊണ്ട് നടത്തുകയുണ്ടായി. ആയിരക്കണക്കിന് കുട്ടികളാണ് അംഗൻവാടികളിലും, സ്കൂളുകളിലുമായി ഇന്ന് ഗുളിക കഴിച്ചത്.