താനൂരിൽ നാലു സ്റ്റേഡിയങ്ങൾ മുഖ്യ മന്ത്രി നാടിനു സമർപ്പിച്ചു.

**താനൂർ:*കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിക്കുക എന്നതാണ് കേരള സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരിൽ നാലു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം കിഫ്ബി മുഖേനയാണ് നൽകിക്കൊണ്ടിരിക്കുന്നത്. താനൂരിൽ തയ്യാറായ നാലു സ്റ്റേഡിയങ്ങൾ ഈ മേഖലയിലെ കായിക മുന്നേറ്റത്തിന് സഹായകമാകും. എല്ലാ പഞ്ചായത്തുകളിലും നല്ല രീതിയിലുള്ള കളിക്കളം തയ്യാറാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എല്ലാവർക്കും ആരോഗ്യം എന്ന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയാണ് സർക്കാർ പുതിയ കായികനയം രൂപീകരിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി സ്പോർട്സ് എന്ന ആശയം നടപ്പാക്കി, അതിലൂടെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അതിനായി മെച്ചപ്പെടുത്തും. 1500 കോടി രൂപയുടെ പദ്ധതികളാണ് ഇതിനായി സംസ്ഥാനത്ത് നടപ്പാക്കിയത്. കൂടുതൽ പേർക്ക് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. അതോടൊപ്പം കൂടുതൽ മത്സരങ്ങൾ നടത്താനുള്ള സൗകര്യവും നാട്ടിലാകെ ഒരുങ്ങേണ്ടതുണ്ട് കായിക പ്രവർത്തനങ്ങൾ താഴെത്തട്ടിൽ സജീവമാക്കാനുള്ള നടപടികൾ ഏറ്റെടുക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള കായിക വികസനം ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. കേരളത്തിലെ അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട്. പത്തുവർഷം കാലാവധി വച്ചുകൊണ്ട് സമ്പൂർണ്ണ കായിക സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരുന്നു. കായിക യുവജനക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. 10.2 കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടിയിൽ നിർമിച്ച സ്റ്റേഡിയം, ഉണ്യാലില്‍ 4.95 കോടി രൂപ ചെലവില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച സ്റ്റേഡിയം , താനൂര്‍ ഫിഷറീസ് സ്‌കൂളിൽ 2.9 കോടി രൂപ ചെലവില്‍ നിർമിച്ച സ്റ്റേഡിയം, താനാളൂരില്‍ 80 ലക്ഷം രൂപ ചെലവില്‍ നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. ഫിഷറീസ് സ്‌കൂളിന് നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ ഹൈടെക് കെട്ടിടത്തിന്റെ സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, എൻഎസ്എസ് എന്നിവരുടെ സല്യൂട്ട് സ്വീകരിച്ച മുഖ്യമന്ത്രി കാട്ടിലങ്ങാടി സ്റ്റേഡിയത്തിൽ പന്തു തട്ടിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഫുട്ബോൾ താരങ്ങളായ ഐ എം വിജയൻ, ഹബീബ് റഹ്മാൻ, ആസിഫ് സഹീർ, പി ഉസ്മാൻ, തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് അംഗം പി പി സെെതലവി, വി അബ്ദുറസാഖ്,കെ പി രമേഷ് കുമാർ, ജി ബിന്ദു, പി മായ, കെ കെ സുധാകരൻ, ഇ എൻ മോഹൻദാസ്, ടി എൻ ശിവശങ്കരൻ, രവി തേലത്ത്, ഷമീർ പയ്യനങ്ങാടി, മേച്ചേരി സൈതലവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി സ്വാഗതവും നഗരസഭ കൗൺസിലർ സുചിത്ര നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് താനൂർ നിയോജക മണ്ഡലത്തിലെ നാലു സ്റ്റേഡിയങ്ങൾ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ കായിക രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തൊട്ട് 1500 കോടി രൂപയുടെ കായിക രംഗത്ത് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ നടന്നുവരികയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം നിരവധി സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മഞ്ചേരി സ്റ്റേഡിയമാണ്. 45 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം ലഭിച്ചത്. ഓരോ ജില്ലക്കും അനുവദിക്കുന്ന ജില്ലാ സ്റ്റേഡിയങ്ങളുടെ ഭാഗമായാണ് മുൻ ഫുട്ബോൾ താരം മൊയ്തീൻകുട്ടിയുടെ പേരിലുള്ള ഈ സ്റ്റേഡിയം നിർമിച്ചത്. കാട്ടിലങ്ങാടി സ്റ്റേഡിയം താനൂരിലെ യുവാക്കൾ നിരവധി കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്. മഹാത്മാഗാന്ധിയുടെ പേരാണ് കാട്ടിലങ്ങാടി സ്റ്റേഡിയത്തിന് നൽകിയിട്ടുള്ളത്. ഉണ്യാലിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേഡിയത്തിന് മുൻമന്ത്രിയും തീരദേശ മേഖലയുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത സഖാവ് ഇ കെ ഇമ്പിച്ചിബാവയുടെ പേരാണ് നൽകിയിട്ടുള്ളത്. താനൂർ പഞ്ചായത്ത് സ്റ്റേഡിയം ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ പേരിൽ അറിയപ്പെടും. താനൂർ ഫിഷറീസ് സ്കൂൾ സ്റ്റേഡിയം ധീരദേശാഭിമാനിയും, ഖിലാഫത്ത് സമര പോരാളിയുമായിരുന്ന ഉമൈതാനകത്തെ കുഞ്ഞിക്കാദറിന്റെ പേരിൽ അറിയപ്പെടുമെന്നും ആയിരങ്ങളെ സാക്ഷിനിർത്തി മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചു.

റിപ്പോർട്ട്

*ബാപ്പു വടക്കയിൽ+91 93491 88855