fbpx

അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര ചിത്രം താങ്ക് ഗോഡിനെതിരെ ഹിന്ദു സംഘടനകൾ

ബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, സംവിധായകൻ ഇന്ദ്രകുമാർ എന്നിവർക്കെതിരെ പരാതി. അജയ് ദേവ്ഗൺ നായകനായെത്തുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിൽ തങ്ങളുടെ ആരാധന മൂർത്തിയായ ചിത്രഗുപ്‌തനെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് കർണാടകയിലെ ഹിന്ദു ജനജാഗൃതി സമിതി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒമ്പതിനാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.ചിത്രഗുപ്തനായാണ് അജയ് ദേവ്ഗൺ ചിത്രത്തിലെത്തുന്നത്.

ചിത്രഗുപ്തനും യമദേവനും മോഡേൺ വേഷങ്ങൾ ധരിച്ചെത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറിൽ കാണുന്നത്. ഇതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ‘അഭിനേതാക്കൾ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലറിൽ കണ്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങൾക്ക് ഒരിക്കലും സഹിക്കില്ല. ഈ ട്രെയിലർ പുറത്തിറങ്ങുന്നതുവരെ സെൻസർ ബോർഡ് ഉറങ്ങുകയായിരുന്നോ? ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് സംഘടനയുടെ ആവശ്യം. മതവികാരം വ്രണപ്പെടുത്തിയതിനാൽ സംസ്ഥാന-കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങൾ ചിത്രം നിരോധിക്കണം ഇല്ലെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കും. ‘- ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേഷ് ഷിൻഡെ പറഞ്ഞു.