താനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ ജനകീയ പ്രകാശനവും പ്രതിഷേധ സംഗമവും

*മലപ്പുറം: താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിച്ച് വെൽഫെയർ പാർട്ടി തയ്യാറാക്കിയ ‘താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല’ എന്ന പേരിലുള്ള വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ ജനകീയ പ്രകാശനവും ബഹുജന പ്രതിഷേധവും 2023 ജൂലൈ 21ന് വെള്ളിയാഴ്ച താനൂരിൽ വച്ച് നടക്കും. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മിതിയോടൊപ്പം അധികാര-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അവിഹിത ഇടപെടലുകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, താനൂർ എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ, തുറമുഖം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ എന്നിവർ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം, തുറമുഖം, ഫിഷറീസ്, ടൂറിസം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ബോട്ട് നിർമാണം, രജിസ്‌ട്രേഷൻ, യാത്രാനുമതി, ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കുക. അനധികൃതമായി ബോട്ട് നിർമിച്ച് സർവീസ് നടത്തുതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരിക, നരഹത്യക്ക് കേസെടുക്കുക, അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കുക. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, എന്നിവയുൾപെടെ 14 ആവശ്യങ്ങളാണ് അന്വേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ വെൽഫെയർ പാർട്ടി സർക്കാറിനോട് ഉന്നയിച്ചിരിക്കുന്നത്. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ – മത സംഘടന പ്രതിനിധികൾ, പൊതുപ്രവർത്തകർ, അപകടത്തിൽ മരണം സംഭവിച്ച കുടുംബങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.പത്രസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, വസ്തുതാന്വേഷണ സംഘം കൺവീനർ സി.പി. ഹബീബുറഹ്‌മാൻ, വെൽഫെയർ പാർട്ടി താനൂർ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് വൈലത്തൂർ, പ്രോഗ്രാം കൺവീനർ സി ജലീൽ, താനൂർ മുൻസിപ്പൽ പ്രസിഡണ്ട് സി അബ്ദുല്ലത്തീഫ് എന്നിവർ പങ്കെടുത്തു.

Comments are closed.