താനൂര്‍ ബോട്ട് അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണം…മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു…

തിരൂരങ്ങാടി: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ മല്‍സ്യ തൊഴിലാളികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഉപരോധം. 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരിക്കേറ്റത് ഇരുപതിലേറെ പേര്‍ക്കാണ്. മല്‍സ്യ തൊഴിലാളികളായ ഇവര്‍ക്ക് പരിക്ക് പറ്റിയ ശേഷം ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഇവരുടെ കുടുംബവും പട്ടിണിയിലായി. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ ചികില്‍സക്ക് പോലും ഇവരെ സഹായിക്കാത്ത സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചികില്‍സ സൗജന്യമാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും അടിയന്തിര നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് യൂത്ത്‌ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസ് ഗേറ്റ് കടന്നെത്തിയ പ്രവര്‍ത്തകര്‍ തിരൂരങ്ങാടി തഹസീല്‍ദാറെ ഉപരോധിച്ചു. അപകടത്തില്‍ ഗുരുതര പരിക്ക് പറ്റി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഒരുവയസ്സുള്ള പിഞ്ചു കുഞ്ഞിന് അടിയന്തിരമായി വിദഗ്ത ചികില്‍സ നല്‍കി ജീവന്‍ രക്ഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും അരങ്ങേറി. ശേഷം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിന് പി.എം സാലിം, പി.പി ഷാഹുല്‍ ഹമീദ്, ആസിഫ് പാട്ടശ്ശേരി, അയ്യൂബ് തലാപ്പില്‍, കെ മുഈനുല്‍ ഇസ്ലാം, വി.പി അഫ്‌സല്‍, ജാഫര്‍ കുന്നത്തേരി നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്………താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ച തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു…..

Comments are closed.