കൊവിഡ് എല്ലാ സിനിമ ഇൻഡസ്‌ട്രികളെയും ബാധിച്ചപ്പോൾ പിടിച്ച് നിന്നത് മലയാള സിനിമ മാത്രം; നടി സുഹാസിനി…
മലയാളത്തിലും നിരവധി ആരാധകരുള്ള നടിയാണ് സുഹാസിനി. മേക്കപ്പ് ആർട്ടിസ്റ്റായി ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്ന സുഹാസിനി, പുറമേ, സംവിധായികയായും എഴുത്തുകാരിയായും ക്യാമറ അസിസ്റ്റന്റുമായൊക്കെ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളത്തിലേക്ക് കടന്നു വരുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ചു. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച ജൂറിയിൽ സുഹാസിനിയും ഉണ്ടായിരുന്നു.
ഇപ്പോഴിതാ സുഹാസിനിയുടെ മലയാള സിനിമയെ കുറിച്ചുള്ള ചില വാക്കുകളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കൊവിഡ് അന്താരാഷ്ട്ര തലത്തിൽ എല്ലാ സിനിമ ഇൻഡസ്‌ട്രികളെയും നന്നായി ബാധിച്ചപ്പോൾ പിടിച്ച് നിന്നത് മലയാള സിനിമാരംഗം മാത്രമെന്ന് പറഞ്ഞു. ഇക്കാലയളവിൽ മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിൽ കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി പ്രഗത്ഭരായ നായിക നായകൻമാർ ഉണ്ടെന്നും താരം പറയുന്നു. മാത്രമല്ല, ഇനിയും മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും യുവ സംവിധായകരടക്കം ആരു ക്ഷണിച്ചാലും അടുത്ത ഫ്ലൈറ്റിൽ പറന്നെത്തുമെന്നും താരം പറയുന്നുണ്ട്. ദുൽഖർ സൽമാനെ കുറിച്ചും സുഹാസിനി പറയുന്നുണ്ട്. ദുൽഖറിന്റെ സിനിമകളെല്ലാം മറ്റൊരു തലത്തിലേക്ക് പോവുകയാണെന്നും, അച്ഛനോട് തന്നെയാണ് ദുൽഖർ എന്ന മകൻ മത്സരിക്കുന്നതെന്നും സുഹാസിനി പറഞ്ഞു.