താനൂരിലെ സ്റ്റേഡിയങ്ങൾ : മുഖ്യമന്ത്രിയും കായിക മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു – മുസ്ലിം ലീഗ്‌

താനൂർ : കഴിഞ്ഞ മെയ്‌ മാസം 16 ന്‌ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത താനൂരിലെ നാല്‌ സ്റ്റേഡിയങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രിയും കായിക വകുപ്പ്‌ മന്ത്രിയും നടത്തിയ അവകാശവാദങ്ങൾ പൊള്ളയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുസ്ലിം ലീഗ്‌ താനാളൂർ പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞ്‌ നാല്‌ മാസം പിന്നിട്ടിട്ടും താനൂർ സബ്ജില്ലാ കായിക മേളക്ക്‌ വേദിയൊരുക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്റ്റേഡിയങ്ങളെയാണ്‌ അന്തർദേശീയ ഗുണ നിലവാരമുള്ളതെന്നും കായിക രംഗത്തിന്റെ മുന്നേറ്റത്തിനുമെന്നും അവകാശപ്പെട്ട്‌ ഉദ്ഘാടനം നിർവ്വഹിച്ചത്‌. കായികമേള അംഗീകരിച്ച 36 ഇനങ്ങളിൽ 11 ഇനങ്ങളാണ്‌ ഇതിനകം പൂർത്തിയായത്‌. 9 വേദികളിൽ വെച്ചാണ്‌ കായിക വകുപ്പ്‌ മന്ത്രിയുടെ മണ്ഡലത്തിലെ സബ്‌ജില്ലാ കായിക മേളയിലെ 11 ഇനങ്ങൾ പൂർത്തീകരിച്ചത്‌. ഒരു സർക്കാർ സ്കൂൾ പോലും കായികമേളക്ക്‌ വേദിയായില്ല എന്നത്‌ പൊതു വിദ്യാലയങ്ങളുടെ വികസനത്തിന്‌ കോടികൾ ചിലവഴിക്കുന്നു എന്ന ഇടത്‌ പ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ്‌. താനൂർ സ്ബ്ജില്ലയിൽ മണ്ഡലത്തിന്റെ ഭാഗമല്ലാത്ത വളവന്നൂർ പഞ്ചായത്തിലെ പാറക്കൽ സ്കൂൾ മാത്രമാണ്‌ എയ്ഡഡ്‌ മേഖലയിൽ മേള നടന്ന ഏക വിദ്യാലയം.10.2 കോടി രൂപ ചിലവിൽ കാട്ടിലങ്ങാടി സ്റ്റേഡിയവും 2.9 കോടി രൂപ ചിലവിൽ താനൂർ ഗവൺമന്റ്‌ ഫിഷറീസ്‌ സ്കൂൾ സ്റ്റേഡിയവും 4.95 കോടി രൂപ ചിലവിൽ ഉണ്യാലിലെ ഫിഷറീസ്‌ സ്റ്റേഡിയവും 80 ലക്ഷം രൂപ ചിലവിൽ താനാളൂർ ഇ. എം. എസ്‌ സ്റ്റേഡിയവും പണികഴിപ്പിച്ചിട്ടും ഒരു സ്റ്റേഡിയം പോലും സബ്ജില്ലാ മത്സരങ്ങൾക്ക്‌ തുറന്ന് നൽകിയില്ല. ഒരു സ്റ്റാൻഡേർഡ്‌ ഫുട്ബാൾ ഗ്രൗണ്ടിന്‌ വേണ്ട മെഷർമെന്റില്ലാതെയാണ്‌ നാല് സ്റ്റേഡിയങ്ങളിലും ഗ്രൗണ്ട്‌ നിർമ്മിച്ചിരിക്കുന്നത്‌.അശാസ്ത്രീയവും വികസന സാധ്യതകൾ പരിഗണിക്കാതെയുമാണ്‌ നാല്‌ സ്റ്റേഡിയങ്ങളും പണിതിരിക്കുന്നത്‌. താനൂരിലെ കായിക താരങ്ങളേയും ആസ്വദകരേയും വഞ്ചിക്കുന്ന നിലപാടാണ്‌ മന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും മുസ്ലിം ലീഗ്‌ കമ്മിറ്റി ആരോപിച്ചു. ഒരു സ്പോർട്സ് സ്‌കൂളിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് താനൂർ ഫിഷറീസ് സ്‌കൂളിനെ സ്പോർട്സ് സ്‌കൂളായി പ്രാഖ്യാപിച്ചിരിക്കുന്നത് . മാനദണ്ഡങ്ങൾ പാലിക്കാതെ ഇനം തിരിച്ചുള്ള ഗ്രൗണ്ടുകളോ ഫാക്കൽറ്റികളോ ഇല്ലാതെ പ്രഖ്യാപനം മാത്രമാണ് ഉണ്ടായിട്ടുള്ളത്.ഗ്രൗണ്ടിന്‌ പുറമേ അടിസ്ഥാന സ്പോർട്സ്‌ ഉപകരണങ്ങൾ പോലും താനൂർ സബ്ജില്ലക്കകത്തെ സ്കൂളുകളിൽ ലഭ്യമല്ല എന്നത്‌ നിസ്സംഗതയുടെ ആഴമാണ്‌ വെളിപ്പെടുത്തുന്നത്‌.താനാളൂരിലെ ഇ എം എസ്‌ സ്റ്റേഡിയം ലക്ഷങ്ങൾ ചിലവഴിച്ചിട്ടും അശാസ്ത്രീയമായ രീതിയിലാണ്‌ നിർമ്മാണം നടത്തിയിരിക്കുന്നത്‌. ഗ്രൗണ്ടിൽ നിറയേ കരിങ്കൽ ചീളുകളും ചിരലുകളും നിറഞ്ഞ് കായിക യോഗ്യമല്ല. മൂന്ന് തവണ ഉദ്ഘാടനം നിർവ്വഹിച്ചിട്ടും ശോചനീയാവസ്ഥയിലാണ്‌ ഇ. എം എസ്‌ സ്റ്റേഡിയം. പത്ര സമ്മേളനത്തിൽ കെ വി മൊയ്തീൻ കുട്ടി, ടി.പി.എം മുഹ്സിൻ ബാബു,കുഞ്ഞു മീനടത്തൂർ, ബഷീർ പാലപ്പെട്ടി പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇