സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ *ഇൻസെന്റീവ് കിട്ടാതെ ജീവനക്കാരുടെ വിഷു, പെരുന്നാള്‍ ആഘോഷം

*മലപ്പുറം : സർക്കാരിന്റെ വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകളും ബി.പി. എൽ കാർഡുടമകൾക്ക് കോവിഡ് കാലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നൽകിയ സഹായവും വീടുകളിലെത്തിച്ചു നൽകിയതിന് സഹകരണ സ്ഥാപനങ്ങളിലെ നിത്യപിരിവ് ജീവനക്കാര്‍ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കേണ്ട ഇൻസെന്റീവ് കുടിശ്ശികയായിട്ട് മാസങ്ങളോളമായി. ഇത് കാരണം വിഷുവും പെരുന്നാളും ആഘോഷിക്കാൻ കഴിയാതെ നിരാശരാണ് ജീവനക്കാര്‍. 2020 മെയിലും 2021 ഒക്ടോബറിലും രണ്ട് ഘട്ടങ്ങളിലായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത സര്‍ക്കാര്‍ സഹായത്തിന്‍റെയും 2021 നവംബര്‍ മുതല്‍ വിതരണം ചെയ്ത ക്ഷേമ പെന്‍ഷനുകളുടെയും ഇന്‍സെന്‍റീവ് ആണ് കുടിശ്ശികയായിട്ടുള്ളത്. ഇതിന് പുറമെ ഇൻസെന്റീവ് തുക കുറക്കുകയും ചെയ്തു.സംസ്ഥാനത്ത് 25 ലക്ഷത്തോളം പേരാണ് ഡയറക്ട് ടു ഹോം പദ്ധതി പ്രകാരം സഹകരണ സ്ഥാപനങ്ങൾ വഴി പെൻഷൻ കൈപ്പറ്റുന്നത്. ഏറെ കഷ്ടപ്പെട്ടും വെയിലത്തും മഴയിലും വീട് വീടാന്തരം കയറി ഇറങ്ങി ഗുണഭോക്താക്കളെ തേടിപ്പിടിച്ച് പെൻഷൻ നൽകിയിട്ടും ഇന്‍സെന്‍റീവ് മാസങ്ങളായി നല്‍കാതെ ജീവനക്കാരോട് സർക്കാർ കണിക്കുന്നത് കടുത്ത വഞ്ചനയാണ്. ചില സംഘങ്ങൾ നേരത്തെ ഇൻസന്റീവ് അഡ്വാൻസ് നൽകി സഹായിച്ചിരുന്നെങ്കിലും 2023 ജനുവരി അഞ്ചിന് സംസ്ഥാന ധനകാര്യ വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇൻസന്റീവ് മുൻകാല പ്രാബല്യം നൽകി വെട്ടിക്കുറച്ചതിനെ തുടർന്ന് അഡ്വാൻസ് നൽകുന്ന നടപടികൾ അത്തരം സഹകരണ സംഘങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്.ജീവനക്കാരെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട് ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫും ജന സെക്രട്ടറി അനീസ് കൂരിയാടനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇