ഏഴ് വർഷങ്ങൾക്ക് മുമ്പ്…താനൂരിന്റെ തീരപ്രദേശത്തിലൂടെ ഒരു യാത്ര


അന്ന് ഏറെ പ്രയാസം തോന്നിയ കാഴ്ചയായിരുന്നു മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിന്റെ ദൃശ്യങ്ങൾ. എങ്ങനെ വിവരിക്കണമെന്നറിയില്ല… മണ്ണിനടിയിൽ പെട്ടു പോയ കെട്ടിടാവശിഷ്ടങ്ങൾ ഉൽഖനനം ചെയ്ത് കണ്ടെത്തിയതിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ഏതാണ്ട് അങ്ങനെയൊന്നായിരുന്നു ഫിഷറീസ് സ്കൂൾ.പൊട്ടിപ്പൊളിഞ്ഞ ചുമരുകളും മേൽക്കൂരയുമുള്ള സ്കൂൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ മരങ്ങൾ മുളച്ചിരുന്നു. തൊട്ടടുത്ത മറ്റൊരു കെട്ടിടം കാട്ടുചെടികളുടെ നഴ്സറിയായിരുന്നു. സുനാമി ഫണ്ട് മുക്കി വിജിലൻസ് അന്വേഷണത്തിന് വിധേയമായ ഓപ്പൺ ഓഡിറ്റോറിയം. ഇതിന്റെ ഷീറ്റുകൾ കടൽക്കാറ്റ് കൊണ്ടുപോയിരുന്നു. അഴിമതിയുടെ വിഴുപ്പുഭാണ്ഡം പേറി അസ്ഥിപഞ്ചരം പോലെ നിൽക്കുന്ന ആ കെട്ടിടത്തിന്റെ ചുമരുകളിൽ കണ്ണീർചാലുകൾ ഒഴുകിയ പാടുകൾ കാണാമായിരുന്നു.സ്കൂൾ കെട്ടിടങ്ങളുടേയും സ്ഥിതി മറിച്ചായിരുന്നില്ല.ചുറ്റുമതിലില്ല. സ്ക്കൂൾ ക്യാമ്പസ് മുഴുവനും പൊതുവഴിയായി ഉപയോഗിക്കുകയായിരുന്നു. ഗ്രൗണ്ട് ഉണ്ടെങ്കിലും ഒരു പന്ത് തട്ടാൻ പോലും സൗകര്യമുണ്ടായിരുന്നില്ല.ആകെയുണ്ടായിരുന്നത് ഒരു കമാനവും അതിൽ എഴുതിവെച്ച പ്രാദേശിക വികസന നിധിയുടെ കണക്കും മാത്രം.ഒരു ഗേറ്റ് പണിത് അതിൽ പേരെഴുതി വെച്ചാൽ എല്ലാമായി എന്ന വികസന ചിന്താഗതിക്കാർക്ക് മറ്റെന്തു ചെയ്യാൻ കഴിയും.ഒരു ഡിവിഷനിൽ 40 പേർക്ക് പഠിക്കാവുന്ന ആ കാലത്ത് ഒരിക്കലും 40 തികഞ്ഞില്ല. പത്താം തരം പരീക്ഷാ ഫലം പരിതാപകരമായിരുന്നു.അന്ന് മനസ്സിൽ കുറിച്ചതാണ്.താനൂർ ഫിഷറീസ് സ്കൂളിനെ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥാപനമാക്കി മാറ്റണം എന്നത്.ജനപ്രതിനിധിയായ ശേഷം ആദ്യം ചെയ്ത പ്രവൃത്തികളിലൊന്നായിരുന്നു ഫിഷറീസ് സ്കൂളിന്റെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ.ഹോസ്റ്റൽ കെട്ടിടം പുതുക്കിപ്പണിയണം ഹൈസ്കൂളിനും ഹയർ സെക്കന്ററി ക്കും പുതിയ കെട്ടിട സമുച്ചയങ്ങൾ വേണം ചുറ്റുമതിൽ പണിയണം. ക്യാമ്പസിലൂടെയുള്ള പൊതുവഴികൾ ഒഴിവാക്കി പകരം വഴികൾ നൽകണം. സ്കൂൾ സമയങ്ങളിൽ കുട്ടികൾക്കും അല്ലാത്തപ്പോൾ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിൽ സ്റ്റേഡിയം വേണം. അങ്ങനെ മനോഹരമായ ഒരു സ്കൂൾ ക്യാമ്പസ് സൃഷ്ടിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അന്നത്തെ ഫിഷറീസ് മന്ത്രി, ബഹുമാന്യയായ മേഴ്സിക്കുട്ടിയമ്മയ്ക്ക് സമർപ്പിച്ചു. ഏറെ സന്തോഷത്തോടെ മന്ത്രി പദ്ധതി സ്വീകരിക്കുകയും വൈകാതെ തന്നെ 10.5 കോടി രൂപ ഇതിനായി സർക്കാർ അനുവദിക്കുകയും ചെയ്തു. കൂടാതെ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് 3.5 കോടി കിഫ്ബി വഴിയും അനുവദിച്ചു.അതിമനോഹരമായ ഹോസ്റ്റൽ കെട്ടിടം നേരത്തെ തന്നെ പൂർത്തിയായി. സ്റ്റേഡിയം ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചുറ്റുമതിലും ഗേറ്റും പൂർത്തിയായി. ഹൈസ്കൂൾ വിഭാഗത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുന്നു.ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന്റെ പ്രവൃത്തി കിലയുടെ മേൽനോട്ടത്തിൽ അധികം വൈകാതെ തന്നെ ആരംഭിക്കുന്നു.കഴിഞ്ഞ 5 വർഷങ്ങളായി ഫിഷറീസ് സ്കൂൾ 100 മേനി വിജയം കൊയ്യുന്നു. അഡ്മിഷൻ നേരത്തെ തന്നെ മുഴുവനും പൂർത്തിയാവുന്നു. മണ്ഡലത്തിൽ തന്നെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഫിഷറീസ് സ്കൂൾ മാറിയിരിക്കുന്നു.അതെ അഭിമാനപൂർവ്വം പറയാനാവും കേരളത്തിലെ ഏറ്റവും നല്ല ഫിഷറീസ് സ്കൂൾ താനൂർ തന്നെയാണ് ഇന്ന്.തീർന്നില്ല…ഇവിടെയാണ് അനന്തമായ ആകാശത്തേയും കോടാനുകോടി നക്ഷത്രങ്ങളേയും കൺമുന്നിലെത്തിക്കാനുതകുന്ന വാനനിരീക്ഷണ കേന്ദ്രവും ഒരുങ്ങുന്നത്.7 വർഷത്തിനകം അറബിക്കടലിന്റെ ഓളങ്ങൾ എത്രയോ തവണ ഈ വിദ്യാലയത്തെ തഴുകി തിരിച്ചു പോയിട്ടുണ്ട്. പഴയ കാലങ്ങളിൽ ഈ ഓളങ്ങൾക്ക് പറയാൻ തീരത്തിന്റെ മക്കളുടെ കണ്ണീരിൽ കുതിർന്ന കഥകൾ മാത്രമേയുണ്ടായിരുന്നുള്ളൂ.എന്നാൽ കാലം മാറി. നോക്കൂ …. ഇന്ന് ആ തിരകൾ എത്ര സന്തോഷത്തോടെയാണ് തിരിച്ചു പോകുന്നത്. താനൂർ ഫിഷറീസ് സ്കൂളിന്റെ മേന്മയുടെ അടയാളപ്പെടുത്തലുകൾ ഇന്ന് കടൽകടന്നും എത്തിക്കാൻ വെമ്പൽ കൊള്ളുകയാണ് വീശിയടിക്കുന്ന ഈ തിരമാലകൾ …നന്ദി… സ്കൂളിന്റെ വളർച്ചയ്ക്ക് സഹായങ്ങൾ നൽകിയ സർക്കാരിന് …ഒപ്പം കൂടെ നിന്ന എല്ലാവർക്കും.വി.അബ്ദുറഹിമാൻ (കായിക വകുപ്പ് മന്ത്രി)
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇