സവർക്കർ വിരുദ്ധ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു
മുംബൈ: സവർക്കർ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ കേസെടുത്തു. ഷിൻഡെ പക്ഷ ശിവസേന നേതാവ് സുഹാസ് ഡോംഗ്രെ നൽകിയ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തത്. രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനിയെ അപകീർത്തിപ്പെടുത്തുകയും നാട്ടുകാരുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഐ.പി.സി 500, 501 പ്രകാരം പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന വി.ഡി. സവർക്കറുടെ കത്ത് രാഹുൽഗാന്ധി കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. ‘സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു’ ഇംഗ്ലീഷുകാർക്കായി സവർക്കർ എഴുതിയ കത്തിലെ വാചകങ്ങളും രാഹുൽ വാർത്തസമ്മേളനത്തിൽ വായിച്ചിരുന്നു.ഈ കത്ത് ഫഡ്‌നവിസടക്കം ആർക്കും വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ കത്ത് താനെഴുതിയതല്ലെന്നും സവർക്കർ എഴുതിയതാണെന്നും അദ്ദേഹം ഇംഗ്ലീഷുകാരെ സഹായിച്ചുവെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ട നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.