fbpx

നഗരസഭ ഷോപ്പിംങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്.
റീജണൽ ജോയിന്റ് ഡയറക്ടർ നേരിട്ട് തെളിവെടുപ്പ് നടത്തി.

തിരൂരങ്ങാടി: നഗരസഭ ഷോപ്പിംങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് മറിച്ച് വിറ്റ സംഭവത്തിൽ എ.ഐ.വൈ.എഫ് നൽകിയ പരാതിയെ തുടർന്ന് നഗര കാര്യ ഡയറക്ടറുടെ ഉത്തരവിൻ പ്രകാരമാണ് തിരൂരങ്ങാടി നഗരസഭയിൽ നേരിട്ടെത്തി ആർ.ജെ.ഡി തെളിവെടുപ്പ് നടത്തിയത്.

വ്യാപക തോതിൽ മണ്ണ് കടത്തി കൊണ്ട് പോകുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ 2020 ന് എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങൾ തടയുകയും നിർമാണ സ്ഥലത്ത് നിന്നും 1 ജെസിബിയും 2 എയ്ച്ചറുകളും തിരൂരങ്ങാടി പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
എന്നാൽ സംഭവ സ്ഥലത്ത് നിന്നും മണ്ണ് കടത്തി ക്കൊണ്ട് പോയിട്ടില്ലെന്നാണ് പോലീസ് ജില്ലാ ജിയോളജിസ്റ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ജിയോളജി വകുപ്പ് നേരിട്ട് പരിശോധനക്ക് എത്തിയതോടെ മണ്ണ് കടത്ത് ബോധ്യപ്പെടുകയും പോലീസ് നടത്തിയിട്ടുള്ള അഴിമതി പുറത്താവുകയും ചെയ്തു.
ഇതിനെതിരെ വാഹന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിർദേശ പ്രകാരം ഈ വാഹനങ്ങൾക്കെതിരെ ജിയോളജി വകുപ്പ് പിഴ ഈടാക്കിയാണ് വിട്ടയച്ചത്.

പരാതിയിൽ ജിയോളജിക്ക് വകുപ്പ് നടത്തിയ പരിശോധനയിൽ 70 എംക്യൂബ് മണ്ണ് ഇത്തരത്തിൽ കടത്തികൊണ്ട് പോയതായി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറി ജിയോളജിക്ക് നൽകിയ റിപ്പോർട്ടിൽ മണ്ണ് കടത്തിക്കൊണ്ട് പോയത് നഗരസഭയുടെ അറിവോടെ അല്ലെന്നും കടത്തിക്കൊണ്ട് പോയ മണ്ണിന് തുല്യമായ തുക കുറ്റക്കാരിൽ നിന്നും ഈടാക്കി നൽകണമെന്നുമായിരുന്നു സെക്രട്ടറി ആവശ്യപ്പെട്ടത്. അതേ സമയം കുറ്റക്കാരെ നഗരസഭക്ക് അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇവിടെ നിന്നും മണ്ണ് മോഷണം നടന്നതായി വ്യക്തമാവുകയും ഇത് വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടാവുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മണ്ണ് കടത്തുകാർക്കെതിരെ നടപടിയെടുക്കാൻ മുൻസിപ്പൽ അധികൃതർ തയ്യാറാവാത്തത് ഇതൊരു ബിനാമി ഇടപാടായത് കൊണ്ടാണെന്നും ഇവർക്കെതിരെ നടപടി എടുക്കുന്നതോടെ നഗരസഭ നടത്തിയിട്ടുള്ള കൂട്ട് കച്ചവടം പുറത്താകുമെന്നതിനാലാണ് മേൽ നടപടികൾ സ്വീകരിക്കാതിരുന്നതെന്നും എം.പി സ്വാലിഹ് തങ്ങൾ പറഞ്ഞു.

തിരൂരങ്ങാടി നഗരസഭയിൽ നേരിട്ടെത്തിയ റീജണൽ ജോയിന്റ് ഡയറക്ടർ പരാതിക്കാരനിൽ നിന്നും നഗരസഭ എഞ്ചിനീയറിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഈ മാസം 19 ന് കൂടുതൽ തെളിവെടുപ്പിനായി നേരിൽ ഹാജരാകാൻ മുൻ മുൻസിപ്പൽ സെക്രട്ടറി ഇ.നാസിം, നഗരസഭ എഞ്ചിനീയർ ഭഗീരതി, പരാതിക്കാരൻ എന്നിവരോടും ആവശ്യപ്പെട്ടു. സംഭവ സ്ഥലം പരിശോധ നടത്തുകയും ചെയ്തു.
എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം പി സ്വാലിഹ് തങ്ങളുടെ പരാതിയിലായിരുന്നു നടപടി.