വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യവുമായി താനൂർ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ റഷീദ് മോര്യയുടെ പ്രമേയം പാസാക്കി

താനൂർ : കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യവുമായി താനൂർ നഗരസഭയിൽ പ്രമേയം. ഏഴാം ഡിവിഷൻ കൗൺസിലർ റഷീദ് മോര്യ യാണ് സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യമുയർത്തി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം കൗൺസിൽ ഐക്യകണ്ടേനപാസാക്കി. പ്രമേയം റെയിൽവേ മന്ത്രാലയത്തിലേക്കും സംസ്ഥാന സർക്കാരിനും അയക്കും.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പ് ഇല്ലാത്തത് ജില്ലയിലെ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് പ്രമേയത്തിൽ പറയുന്നു. 186-ൽ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽ പാതയാണ് തിരൂർ – ബേപ്പൂർ റെയിൽപാത. 2011ലെ സെൻസസ് പ്രകാരം ജില്ലയിൽ 4112920 ജനസംഖ്യയുണ്ട്. അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ച എ ക്ലാസ് റെയിൽവേ സ്റ്റേഷൻ ഗണത്തിലുള്ള ആദർശിൽ ഉൾപ്പെട്ട റെയിൽവേ സ്റ്റേഷൻ കൂടിയാണ് തിരൂരിലേത്. റെയിൽവേക്ക്‌ വരുമാനമുണ്ടാക്കുന്ന കാര്യത്തിലും തിരൂർ റെയിൽവേ സ്റ്റേഷൻ മുന്നിൽ തന്നെയാണ്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ വെറ്റില കയറ്റി അയക്കുന്ന സ്റ്റേഷനാണ് തിരൂർ.വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. അന്ന് ഊഷ്മള സ്വീകരണമാണ് ജനങ്ങൾ നൽകിയത്. എന്നാൽ രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ തീവണ്ടി നിറുത്തിയില്ല. ഏപ്രിൽ 21ന് റെയിൽവേ മന്ത്രാലയം വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പുകളും സമയക്രമവും ഉൾക്കൊള്ളിച്ചു പുറത്തിറക്കിയ ഉത്തരവിൽ തിരൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെട്ടിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തുഞ്ചൻപറമ്പ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, അലിഗഡ് സർവകലാശാല മലപ്പുറം ഓഫ് ക്യാമ്പസ്, മഞ്ചേരി മെഡിക്കൽ കോളേജ്, കോട്ടക്കൽ ആയുർവേദ കോളേജ് തുടങ്ങി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം, ഹനുമാൻ സ്വാമി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, അങ്ങാടിപ്പുറം തളി ശിവക്ഷേത്രം, താനൂരിലെ ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, പ്രസിദ്ധമായ മമ്പുറം മഖാമും മസ്ജിദും, പുത്തൻപള്ളി മഖാമും മസ്ജിദും, പൊന്നാനി മഖ്ദൂം പള്ളി, വെളിയങ്കോട് ഉമർഖാസി മസ്ജിദ് തുടങ്ങി ആരാധനാലയങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും കോട്ടക്കൽ ആര്യവൈദ്യശാല യിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക്‌ എത്തിച്ചേരവുന്ന ഏറ്റവും അടുത്തുള്ള പ്രധാന സ്റ്റേഷനാണ് തിരൂർ. പൊന്നാനി അഴിമുഖം, ഭാരതപ്പുഴ, പടിഞ്ഞാറേക്കര, താനൂർ തൂവൽ തീരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രെയിൻ യാത്രികർക്ക് എത്തിപ്പെടാൻ കഴിയുന്ന സ്റ്റേഷനാണ് തിരൂരിലേത്. 70 കിലോമീറ്ററിലധികം തീരദേശമുള്ള ജില്ലയാണ് മലപ്പുറം. പ്രധാന്യം ഏറെയുള്ള തിരൂർ റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് പലതിനും നിലവിൽ സ്റ്റോപ്പില്ല. ഈ അവഗണന തുടരുന്നതിനിടെയാണ് തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേഭാരത് പ്രസിന്റെ സ്റ്റോപ്പുകളും സമയക്രമവും ഉൾക്കൊള്ളിച്ച് ഉത്തരവ് റെയിൽവേയുടെ പുറത്തുവന്നിരിക്കുന്നത്. ഒരുതരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണിതെന്നും പ്രമേയത്തിൽ പറയുന്നു. പത്താം ഡിവിഷൻ കൗൺസിലർ കെ. ജയപ്രകാശ് പ്രമേയത്തെ പിന്താങ്ങി. ചെയർമാൻ പി. പി. ഷംസുദ്ധീൻ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.കെ.എം. ബഷീർ, കെ. ജയ പ്രകാശ്, കെ. പി. അലി അക്ബർ, ജസ്ന ബാനു, കെ. പി ഫാത്തിമ, കൗൺസിലർമാരായ മുസ്തഫ താനൂർ, എ. കെ. സുബൈർ, കുമാരി, വി. പി. ബഷീർ, നിസാം ഒട്ടുംപുറം, ആബിദ് വടക്കയിൽ, ദിബീഷ് ചിറക്കൽ, എം. പി ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇