‘നടക്കുന്നത് അപ്പക്കഷ്‍ണത്തിന് വേണ്ടിയുള്ള പോര്, തള്ളി മറിക്കുന്നവരെ മാന്താൻ ഇഷ്ടമാണ്’; മാധ്യമങ്ങൾക്കെതിരെ പ്രിയാവർഗീസ്
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല നിയമന ശിപാർശ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാവർഗീസ്. നടക്കുന്നത് അപ്പക്കഷ്‍ണത്തിന് വേണ്ടിയുള്ള പോരാണെന്നും അത് ജോസഫ് സ്‌കറിയയും പ്രിയാ വർഗീസും തമ്മിലാണ് നടക്കുന്നത്. പാർട്ടിക്ക് ഈ നടക്കുന്ന പോരിൽ പങ്കില്ലെന്നും പ്രിയാ വർഗീസ് കുറിച്ചു.’ഇതിനെ സർക്കാർ ഗവർണർ പോര് എന്നൊക്കെ പറഞ്ഞ് പൊലിപ്പിക്കണ്ട. തള്ളി മറിക്കുന്നവരെ മാന്താൻ ഇഷ്ടമാണ്. പാർട്ടിക്കും ഈ നടക്കുന്ന പോരിൽ പങ്കില്ല. ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം അവസാനിച്ചാൽ തീരുന്നതേയുള്ളൂ സ്റ്റോറിയുടെ കെട്ടുറപ്പെന്നും പ്രിയ പറയുന്നു. പാലോറ മാത മുതൽ പുഷ്പൻ വരെയുള്ള ഈ പ്രസ്ഥാനത്തിൽ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാൻ നിങ്ങൾ പഠിച്ച സ്‌കൂളുകളിൽ ഒന്നും വാങ്ങാൻ കിട്ടുന്ന കണ്ണട വെച്ചാൽ പറ്റില്ല എന്നറിയാമെന്നും കുറിപ്പിലുണ്ട്.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാടുപിടിച്ച പരിസരം വൃത്തിയാക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു പ്രിയാവർഗീസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.
പ്രിയാവർഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ് :-യഥാർത്ഥത്തിൽ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സർക്കാർ ഗവർണർ പോര് പാർട്ടി പോര് Vs തലമുറകൾക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ് ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്.