-e-പോസ് സെർവർ തകരാർ; റേഷൻ വിതരണം പൂർണമായും മുടങ്ങി
മലപ്പുറം: സെർവർ തകരാർ മൂലം ഇ-പോസ് യന്ത്രം പണിമുടക്കിയതോടെ രണ്ട് ദിവസമായി ജില്ലയിൽ റേഷൻ വിതരണം പൂർണമായും മുടങ്ങി. ഇന്നലെ രാവിലെ 11 വരെ തുറന്ന റേഷൻ കടകൾ ഇ-പോസിലെ തകരാർ മൂലം പ്രവർത്തിക്കാനാവാത്തതിനാൽ പിന്നീട് അടച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
സെർവറിന്റെ തകരാർ പരിഹരിക്കാൻ ശാശ്വത നടപടിയെടുത്താലേ ഇനി റേഷൻ കടകൾ തുറക്കൂ എന്ന നിലപാടിലാണ് റേഷൻ കടയുടമകളുടെ സംഘടനകൾ. മുൻ മാസങ്ങളിലും ഇ-പോസ് മെഷീൻ പണിമുടക്കിയിരുന്നെങ്കിലും പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഈമാസം പത്ത് ദിവസമാണ് റേഷൻ കടകൾക്ക് അവധി ലഭിച്ചത്. ജില്ലയിൽ ഇതുവരെ 40 ശതമാനത്തോളം റേഷനാണ് വിതരണം ചെയ്തത്.
മാസത്തിന്റെ അവസാന 10 ദിവസങ്ങളിലാണ് 60 ശതമാനത്തോളം റേഷൻ വിതരണം ചെയ്യാറുള്ളത്. ചെറിയ പെരുന്നാളിന് രണ്ട് അവധിയും ഞായറും വന്നതോടെ ശേഷിച്ച അഞ്ചുദിവസം കൊണ്ട് വേണം റേഷൻ കൊടുത്തുതീർക്കാൻ.ജില്ലയിൽ 10,32,753 റേഷൻ കാർഡുകളും 47.05 ലക്ഷം ഗുണഭോക്താക്കളുമുണ്ട്. ഇതിൽ 50,590 എണ്ണം എ.എ.വൈ കാർഡുകളും 3,21,673 എണ്ണം മുൻഗണനാ കാർഡുകളുമാണ്. റേഷൻ കടകളിലെത്തി മണിക്കൂറുകൾ കാത്തിരുന്നിട്ടും ഇ-പോസ് മെഷീൻ പ്രവർത്തനരഹിതമായതോടെ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്.
തിങ്കളാഴ്ചയും രാവിലെ മുതൽ സെർവർ തകരാറിലായിരുന്നു. രാവിലെ 11ഓടെ പണിമുടക്കിയ ഇ-പോസ് മെഷീൻ പ്രവർത്തനരഹിതമായതോടെ ആളുകളോട് ഉച്ചയ്ക്ക് ശേഷമെത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതു തന്നെയായിരുന്നു അവസ്ഥ. പല തവണ വന്നിട്ടും റേഷൻ വാങ്ങിക്കാൻ കഴിയാതെ വന്നതോടെ ഗുണഭോക്താക്കൾ റേഷൻ കടക്കാരുമായി തർക്കത്തിലേർപ്പെടുന്നുണ്ട്. ഈ മാസം 30നകം റേഷൻ നൽകിയില്ലെങ്കിൽ വിഹിതം നഷ്ടമാവും.
