പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ 97 ബാച്ചുകൾ അനുവദിച്ചു; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

ഹയർ സെക്കൻഡറി പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാ പേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകൾ താൽക്കാലികമായി അനുവദിക്കാൻ തീരുമാനമായി. ഈ വർഷം നേരത്തെ അനുവദിച്ച 14 ബാച്ചുകൾ കൂടി കൂട്ടുമ്പോൾ മൊത്തം ബാച്ചുകളുടെ 111 ആകും.പാലക്കാട് 4, കോഴിക്കോട് 11, മലപ്പുറം 53, വയനാട് 4, കണ്ണൂർ 10, കാസർകോട് 15 എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. ഇതിൽ സയൻസ് കോമ്പിനേഷനിൽ 17, ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 52, കോമേഴ്‌സ് കോമ്പിനേഷനിൽ 28. പാലക്കാട് ജില്ലയിൽ 2 വീതം ഹ്യുമാനിറ്റീസ് കോമേഴ്‌സ് കോമ്പിനേഷനുകളും, കോഴിക്കോട് 2 സയൻസ്, 5 ഹ്യുമാനിറ്റീസ്, 4 കോമേഴ്‌സ് ബാച്ചുകളുമുണ്ട്. മലപ്പുറം ജില്ലയിൽ 4 സയൻസ്, 32 ഹ്യുമാനിറ്റീസ്, 17 കോമേഴ്‌സ് ബാച്ചുകൾ. വയനാട് 4 ഹ്യുമാനിറ്റീസ് ബാച്ചുകൾ. കണ്ണൂർ 4 സയൻസ്, 3 ഹ്യുമാനിറ്റീസ്, 3 കോമേഴ്‌സ് ബാച്ചുകൾ. കാസർകോട് 7 സയൻസ്, 6 ഹ്യുമാനിറ്റീസ്, 2 കോമേഴ്‌സ് ബാച്ചുകൾ. 97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്‌കൂളുകളിലും 40 എണ്ണം എയ്ഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. സർക്കാർ സ്‌കൂളുകളിൽ 12 സയൻസ്, 35 ഹ്യുമാനിറ്റീസ്,10 കോമേഴ്‌സ് ബാച്ചുകൾ. എയ്ഡഡ് സ്‌കൂളുകളിൽ സയൻസ് 5, ഹ്യുമാനിറ്റീസ് 17, കോമേഴ്‌സ് 18. ഇത്തരത്തിലൂടെ അധികമായി 5820 സീറ്റുകൾ കൂടി മലബാർ മേഖലയിൽ ലഭിക്കും. ഇതുവരെയുള്ള മാർജിനൽ സീറ്റ് വർധനവ് അധിക താൽക്കാലിക ബാച്ചുകൾ എന്നിവയിലൂടെ സർക്കാർ സ്‌കൂളുകളിൽ 37,655 എയ്ഡഡ് സ്‌കൂളുകളിൽ 28,755 സീറ്റുകളുടെയും വർധനവാണ് ഉണ്ടാകുന്നത്. ആകെ വർധനവ് 66,410 സീറ്റുകൾ. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകൾ എന്നിവയോടൊപ്പം താൽക്കാലികമായി സർക്കാർ–എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്ന 97 ബാച്ചുകളുടെ സീറ്റുകളും കൂടി ഉൾപ്പെടുത്തി ജൂലൈ 29ന് ജില്ലയ്ക്കകത്തുള്ള സ്‌കൂൾ–കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കും.സ്‌കൂൾ–കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും നടത്തും.

[wpcode id=”35734″]

Comments are closed.