fbpx

പെരുങ്ങോട്ടുകര-കാഞ്ഞാണി റോഡ് പ്രവൃത്തി; റവന്യൂമന്ത്രിയുടെ സാന്നിധ്യത്തില്‍ സമയക്രമം തയ്യാറാക്കി

തൃശ്ശൂർ: പെരുങ്ങോട്ടുകര – കാഞ്ഞാണി റോഡ് നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കേണ്ട പ്രവൃത്തികളുടെ സമയക്രമം തയ്യാറാക്കി. ഇതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കിയത്. റോഡ് നിര്‍മാണം, കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പിടല്‍ തുടങ്ങിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. മണലൂര്‍, നാട്ടിക, ഗുരുവായൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളിലായി 23 കിലോമീറ്ററില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളും 9.4 കിലോമീറ്ററില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളുമാണ് പൂര്‍ത്തിയാക്കേണ്ടത്. ഒന്ന് മുതല്‍ 17 കിലോമീറ്റര്‍ വരെയുള്ള പ്രവൃത്തികള്‍ അഞ്ച് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുക. റോഡിലെ പെരിങ്ങോട്ടുകര മുതല്‍ അന്തിക്കാട് വരെയുള്ള ആദ്യ അഞ്ച് കിലോമീറ്റര്‍ ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലും അതിനായി കുഴിച്ച റോഡ് പൂര്‍വ സ്ഥിതിയിലാക്കലും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കി പിഡബ്ല്യുഡിക്ക് കൈമാറണം. ഈ റോഡില്‍ ഒക്ടോബര്‍ 30നകം ടാറിംഗ് പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.അന്തിക്കാട് മുതല്‍ തുടങ്ങുന്ന ആറ് മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശത്തെ വാട്ടര്‍ അതോറിറ്റി പ്രവൃത്തികള്‍ ഒക്ടോബര്‍ 15ന് മുമ്പായി പൂര്‍ത്തിയാക്കണം. ഈ ഭാഗത്തെ ഒരു കിലോമീറ്ററിലുള്ള പിഡബ്ല്യുഡി പ്രവൃത്തികള്‍ ഡിസംബര്‍ 30 നകവും പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പള്ളി മുതല്‍ ചീരോത്ത്പടി വരെയുള്ള 7.6 കിലോമീറ്ററിലെ ടാറിംഗ് ഉള്‍പ്പെടെയുള്ള പിഡബ്ല്യുഡി പ്രവൃത്തികള്‍ അടുത്ത വര്‍ഷം ജനുവരിയോടെ തീര്‍ക്കണം. ചീരോത്ത്പടി മുതല്‍ പാങ്ങ് വരെയുള്ള വാട്ടര്‍ അതോറിറ്റിയുടെയും പിഡബ്ല്യുഡിയുടെയും പ്രവൃത്തികള്‍ സെപ്റ്റംബർ 30നകം തീര്‍ക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. റോഡിലെ പാങ്ങ് മുതലുള്ള മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ പ്രവൃത്തികള്‍ സംബന്ധിച്ച് എംഎല്‍എമാരുടെ കൂടി നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേകം യോഗം വിളിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. നിശ്ചയിച്ച സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന കാര്യവും പ്രവൃത്തിയുടെ ഗുണനിലവാരവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഒരു കാരണവശാലും നിലവില്‍ തീരുമാനിച്ച വര്‍ക്ക് ഷെഡ്യൂളിനപ്പുറം പ്രവൃത്തികള്‍ നീണ്ടുപോവരുത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സി സി മുകുന്ദന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ ശീഖ സുരേന്ദ്രന്‍,അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലാൽ, അന്തിക്കാട് വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചത്ത്, പഞ്ചായത്ത് അംഗം സുജിത്, പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലേതുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.