പാത്ത് വേ – സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാമിന് പി.എം.എസ്‌.ടി യിൽ തുടക്കം

0

തിരൂരങ്ങാടി: കേരളസർക്കാർ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് പദ്ധതിയായ പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വുമൺ ഡവലപ്മെന്റ് സെല്ലിന്റെയും വേങ്ങര മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 9.30ന് നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ യുവതീയുവാക്കളെ ആരോഗ്യകരവും സന്തോഷകരവുമായ കുടുംബജീവിതം നയിക്കാൻ പ്രാപ്തരാക്കുകയാണ് പാത്ത് വേ യെന്ന സർക്കാർ പദ്ധതിയുടെ ലക്ഷ്യമെന്നും ആരോഗ്യമുള്ള ഒരു തലമുറയ്ക്ക് അത് ആവശ്യമാണെന്നും അവർ പറഞ്ഞു.
വേങ്ങര മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ പ്രൊഫസർ പി.മമ്മദ് മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി കെ. മുസ്തഫ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രീമാരിറ്റൽ കൗൺസിലിംഗ്, സെമിനാർ എന്നിവയിൽ സാമൂഹിക ക്ഷേമകാര്യ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. ഉദ്ഘാടനപരിപാടിയിൽ സൈക്കോളജി വിഭാഗം അധ്യാപിക പി. സമീര സ്വാഗതവും കൊമേഴ്സ് വിഭാഗം അധ്യാപിക എ.മാലതി നന്ദിയുമറിയിച്ചു.

Leave A Reply

Your email address will not be published.