fbpx

പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുരുന്നുകളുടെ വേറിട്ട പ്രതിഷേധം

തിരൂരങ്ങാടി: വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കത്ത് പാട്ട് ശ്രദ്ധേയമായി.എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി മുമ്പാകെയാണ് കുരുന്നുകൾ പ്രതിഷേധത്തിന്റെ വൃത്യസ്ത മാതൃകയൊരുക്കിയത്.
സ്കൂൾ കെട്ടിടത്തിനാവശ്യമായ സ്ഥല സൗകര്യം ധാരാളമുണ്ടായിരുന്നിട്ടും പുതിയ കെട്ടിടമോ അനുബന്ധ സൗകര്യങ്ങളോ സ്കൂളിന് ലഭ്യമാകുന്നില്ല.ഇതിന് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടികളുടെ നേതൃത്വത്തിൽ കത്തുപാട്ടിലൂടെ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പേരെഴുതി ഒപ്പിട്ട് നൽകിയ നിവേദനം സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ കുട്ടികൾ പഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു.അധ്യാപകരായ ഇ.രാധിക,കെ.റജില,എ.കെ സാക്കിർ എന്നിവർ നേതൃത്വം നൽകി.