ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡിലേക്ക് ഡിസംബര്‍ 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെയും വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. ഡിസംബര്‍ 10 വൈകുന്നേരം ആറു മണി മുതല്‍ ഡിസംബര്‍ 13 വൈകുന്നേരം ആറു മണി വരെയാണ് നിരോധനം. സമ്പൂര്‍ണ മദ്യനിരോധനം ഉറപ്പു വരുത്തുന്നതിനായി ബാറുകള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, മദ്യവില്‍പ്പന ശാലകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ വില്‍പ്പനയ്ക്കും വിതരണത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചുഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലേക്ക് ഡിസംബര്‍ 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 12 ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ഒഴൂര്‍ ജി.എല്‍.പി സ്കൂളിന് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 11 നും അവധിയായിരിക്കും. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുവാനുളള അനുമതി അതത് സ്ഥാപന മേധാവികള്‍ നല്‍കണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Comments are closed.