വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിക്ക് പാലക്കാട് തുടക്കമായി
ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഗോള്‍ അടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വണ്‍ മില്യണ്‍ ഗോള്‍ പദ്ധതി ബ്രാന്‍ഡ് അംബാസഡറായ സന്തോഷ് ട്രോഫി താരം അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയായി. ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 10 നും 12 നുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ലിംഗ ഭേദമെന്യേ അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കായിക യുവജനകാര്യാലയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍.നവംബര്‍ 21 വരെ വിവിധ ജില്ലകളിലെ 1000 കേന്ദ്രങ്ങളില്‍ ഒരു ലക്ഷം കുട്ടികള്‍ക്ക് ദിവസം ഒരോ മണിക്കൂര്‍ വീതം പത്ത് ദിവസത്തെ ഫുട്‌ബോള്‍ പരിശീലനം നല്‍കും. ജില്ലയില്‍ 71 സെന്ററുകളില്‍ നടക്കുന്ന പരിപാടിയില്‍ ഓരോ ഗ്രാമപഞ്ചായത്തിലെയും കായികപ്രേമികളും പൊതുജനങ്ങളും ഭാഗമാകും. സമാപനത്തോടനുബന്ധിച്ച് നവംബര്‍ 20 ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെയും നവംബര്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയും വിദ്യാലയതല സെന്ററുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതുസമൂഹവും ചേര്‍ന്ന് ഓരോ സെന്ററിലും കുറഞ്ഞത് ആയിരം ഗോളുകള്‍ സ്‌കോര്‍ ചെയ്യും. സംസ്ഥാനമൊട്ടാകെ കുറഞ്ഞത് പത്ത് ലക്ഷം ഗോളുകള്‍ നേടുന്ന വന്‍ പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സേ നോ ടു ഡ്രഗ്‌സ് ലഹരി വിരുദ്ധ പ്രചാരണത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്. പരിപാടിയില്‍ കെ.എസ്.എസ്.സി നോമിനി എം. രാമചന്ദ്രന്‍, കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ ഹെന്ററി, കെ.പി ജയപ്രകാശ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് ടി. കുരുവിള, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ്, സ്‌പോര്‍ട്‌സ് ഓഫീസര്‍ എം.കെ ആനന്ദം എന്നിവര്‍ സംസാരിച്ചു. നൂറോളം കായിക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.