എത്ര വേട്ടയാടിയാലും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ല: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

വള്ളിക്കുന്ന്: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വസ്തുതകള്‍ നിരത്തി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രതന്നെ വേട്ടയാടിയാലും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ലെന്ന് ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. തന്റെ ബോധ്യത്തില്‍ നിന്നാണ് ആരോപണം ഉന്നയിച്ചതെന്നും അതിന് ഇതുവരെ വസ്തുതാപരമായി മറുപടിപറയാന്‍പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പസിഡന്റ് എം.പി വിനയന്റെ ഓര്‍മ്മക്കായി വിനയന്‍ അനുസ്മരണ സമിതിയുടെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു. നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെ തന്റെ വസ്തു അളക്കാന്‍ റവന്യൂ അധികൃതരെ അയക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പഞ്ചായത്തും കെ.എസ്.ഇ.ബിയുമെല്ലാം പലതരം പരിശോധനകളുമായെത്തി. ഒടുവില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. എന്തിനാണ് വയ്യാവേലിക്ക് നില്‍ക്കുന്നതെന്ന് പലരും ഉപദേശിച്ചെന്നും തെറ്റു ചെയ്യാത്തതിനാല്‍ ഒരു ഭയവുമില്ലെന്നും തെളിവുകള്‍ ഉയര്‍ത്തി പോരാട്ടം തുടരുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.കേരളം എല്ലാത്തിലും നമ്പര്‍ വണ്ണെന്ന് പറയുമ്പോഴും വളരുന്നതലമുറ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. കേരളത്തിലെ ഭരണം ചെറുപ്പക്കാര്‍ക്ക് ഒരു പ്രതീക്ഷയും നല്‍കുന്നില്ലെന്നും മിടുക്കരായ കുട്ടികള്‍ സ്വന്തം മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ വയോജനങ്ങളെ ശുശ്രൂഷിക്കാനായി പോവുകയാണ്. അഴിമതി ഭരണത്തിനെതിരായ പോരാട്ടം നടത്തിയേ നവകേരളത്തെ സൃഷ്ടിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നിര്‍ഭയമായ നിയമസഭാ പ്രവര്‍ത്തനമാണ് കുഴല്‍നാടന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.മികച്ച നിയമസഭാ സാമാജികനുള്ള വിനയന്‍ പുരസ്‌ക്കാരവും പ്രശസ്തിപത്രവും പി. കെ അബ്ദുറബ്ബ് മാത്യു കുഴല്‍നാടന് സമ്മാനിച്ചു. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ അനുസ്മരണ പ്രഭാഷണണം നടത്തി. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായ വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും തയ്യല്‍ മെഷീന്‍ വിതരണം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹനനും നിര്‍വ്വഹിച്ചു. കണ്‍വീനര്‍ ലത്തീഫ് കല്ലിടുമ്പന്‍ ആധ്യക്ഷം വഹിച്ചു. ആര്‍.എസ് പണിക്കര്‍, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, യു.കെ അഭിലാഷ്, പി.നിധീഷ്, ഒ.രാജന്‍, വീരേന്ദ്രകുമാര്‍, ഉണ്ണിമൊയ്തു, പി. കോശി, അനുസ്മരണ സമിതി ചെയര്‍മാന്‍ ഷാജി നമ്പാല, കെ. മോഹന്‍രാജ്, സലീഷ് വലിയവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.പടം1 മികച്ച നിയമസഭാ സാമാജികനുള്ള എം.പി വിനയന്‍ പുരസ്‌ക്കാരം സ്വീകരിച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പ്രസംഗിക്കുന്നു. പി.കെ അബ്ദുറബ്ബ്, പി.അബ്ദുല്‍ഹമീദ് എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, പി.ടി അജയ്‌മോഹന്‍ സമീപം.പടം2- മികച്ച നിയമസഭാ സാമാജികനുള്ള എം.പി വിനയന്‍ പുരസ്‌ക്കാരം മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, ഡോ. മാത്യുകുഴല്‍നാടന്‍ എം.എല്‍.എക്ക് നല്‍കുന്നു. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്, പി.ടി അജയ്‌മോഹന്‍ സമീപം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇