ന്യൂസിലാൻഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എയെ സഞ്ജു സാംസൺ നയിക്കും
ന്യൂസിലാൻഡ്: ന്യൂസിലാൻഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എയെ മലയാളി താരം സഞ്ജു സാംസൺ നയിക്കും. 22, 25, 27 തിയതികളിലായി ചെന്നൈയിലാണ് മത്സരങ്ങൾ നടക്കുന്നത്. പൃഥ്‌വി ഷാ, അഭിമന്യൂ ഈശ്വരൻ, റുതുരാജ് ഗെയ്ക്ക്‌വാദ്, രാഹുൽ തൃപാദി, രജത് പാട്ടിദാർ, കെ.എസ് ഭരത്, കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചഹാർ, തിലക് വർമ, കുൽദീപ് സെൻ, ഷർദ്ദുൽ താക്കൂർ, ഉമ്രാൻ മാലിക്ക്, നവദീപ് സെയ്‌നി, രാജ് അംഗഡ് ബവ എന്നിവരാണ് സഞ്ജുവിന് നേതൃത്വത്തിന് കീഴിൽ കളിക്കാനിറങ്ങുന്നത്. സെപ്തംബർ 22, 25, 27 തിയ്യതികളിൽ എം.എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.അടുത്ത മാസം ആസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. റിഷഭ് പന്തിനേയും ദീപക് ഹൂഡയേയുമൊക്കെ ടീമിൽ ഉൾപ്പെടുത്തിയിട്ടും സഞ്ജുവിനെ ടീമിൽ നിന്ന് തഴഞ്ഞതിന് ബി.സി.സി.സിഐക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്.ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് പേസ്ബോളർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിരുന്നു. റിഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം അക്സർ പട്ടേൽ ടീമിൽ ഇടംപിടിച്ചു. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന രവി ബിഷ്ണോയിയും ആവേശ്ഖാനും പുറത്തായി.ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമക്ക് പുറമേ കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർയാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ദീപക് ഹൂഡ ഒപ്പം ഓൾ റൗണ്ടറായി ഹർദിക് പാണ്ഡ്യയും ടീമിൽ ഇടംപിടിച്ചു. ബുംറക്ക് പുറമേ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും അർഷദീപ് സിങ്ങുമാണ് ടീമിലിടം പിടിച്ച പേസ് ബോളർമാർ. രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലിടം പിടിച്ച സ്പിന്നർമാർ.