സർക്കസ് കുലപതി ജെമിനി ശങ്കരന്റെ നിര്യാണത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് : ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്റെ നിര്യാണത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ അനുശോചിച്ചു. ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സർക്കസ് തൊഴിലാളികളുടെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ സംഭവനകളെ കുറിച്ചുംകമ്മിറ്റി അംഗങ്ങളായ ബിന്ദു എസും, റിസ്വാനും സംസാരിച്ചു. കൂടാതെ സർക്കസിനെ ഇത്രയും മികച്ചൊരു തലത്തിൽ എത്തിച്ച അദ്ദേഹത്തിന് വേണ്ടത്ര പ്രോത്സാഹവും അംഗീകാരവും ഗവണ്മെന്റ് നല്കാത്തതിനെ ചൂണ്ടികാണിക്കുകയും മരണാനന്തരമായെങ്കിലും നാഷണൽ അവാർഡ് നൽകണമെന്ന് ഗവണ്മന്റിനോട് അഭ്യർത്ഥിച്ചുകൊണ്ടാണ് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ അനുശോചനം രേഖപ്പെടുത്തിയത്. ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇