ദേശീയ പാത വികസനം:
പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
തിരൂരങ്ങാടി: ദേശീയ പാത വികസനഭാഗമായി കക്കാട് മുതല്‍ വെന്നിയൂര്‍ വരെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തിരൂരങ്ങാടി നഗരസഭ വിളിച്ചു ചേര്‍ത്ത വാട്ടര്‍ അതോറിറ്റി, എന്‍.എച്ച് കെ.എന്‍.ആര്‍ കമ്പനി യോഗത്തില്‍ തീരുമാനം. വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 8 കോടി രൂപയുടെ പൈപ്പ് ലൈന്‍ പ്രവര്‍ത്തികളാണ് ഈ മേഖലയില്‍ നടന്നു വരുന്നത്. റോഡിന്റെ രണ്ടു വശങ്ങളിലും പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നുണ്ട്. ദേശീയ പാത നിര്‍മാണത്താല്‍ കക്കാട് മുതല്‍ വെന്നിയൂര്‍ വരെ കുടിവെള്ള വിതരണം ദിവസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. കക്കാട് കരുമ്പില്‍ മേഖലയില്‍ രണ്ട് ആഴ്ച്ചക്കകവും വെന്നിയൂര്‍ മേഖലയില്‍ നാല് ആഴ്ച്ചക്കകവും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കെ.എന്‍.ആര്‍ കമ്പനി അറിയിച്ചു. ജനങ്ങള്‍ കുടിവെള്ളത്തിനു പ്രയാസപ്പെടുന്നത് വേഗത്തില്‍ പരിഹരിക്കണം. പൈപ്പ് ലൈന്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള വിതരണത്തില്‍ നേട്ടമുണ്ടാകും. കാലഹരണപ്പെട്ട ലൈനുകള്‍ മൂലമുള്ള കുടിവെള്ള ചോര്‍ച്ചക്ക് പരിഹാരമാകും. വ്യാസം കൂടിയെ പൈപ്പ് ലൈനുകള്‍ ജലവിതരണത്തിനു ഗുണകരമാവും. കരിപറമ്പ് കല്ലക്കയത്ത് പൂര്‍ത്തിയായ പുതിയ പമ്പ് ഹൗസിലെ കിണറില്‍ നിന്നും ഈ മാസം ജല വിതരണം ആരംഭിക്കും. നഗരസഭ റോഡുകളിലെ പൈപ്പ് ലൈനുകളിലെ തകരാറ് വേഗത്തില്‍ പരിഹരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. സാങ്കേതികാനുമകി ലഭിക്കുന്നതോടെ കക്കാട്, ചന്തപ്പടി, കരിപറമ്പ് വാട്ടര്‍ടാങ്കുകള്‍ ടെണ്ടര്‍ ചെയ്യും. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിഅധ്യക്ഷത വഹിച്ചു. സി.പി സുഹ്‌റാബി ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം സുജിനി, ഇ.പി ബാവ, വഹീദ ചെമ്പ, ടി, മനോജ് കുമാർ, വാട്ടര്‍ അതോറിറ്റി എ.ഇ കെ. നാസര്‍, വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ ജയരാജന്‍. കെ.എന്‍.ആര്‍ കമ്പനി പ്രതിനിധി പഴനി, എ.ഇ എസ് ഭഗീരഥി. സൂപ്രണ്ട് സി ഇസ്മയില്‍, പി.വി അരുണ്‍കുമാര്‍, പ്രസംഗിച്ചു.