ദേശീയ പാതയിൽ അണ്ടർ പാസ് -ഓവർ പാസ് നിർമാണം.
മന്ത്രിക്ക് നന്ദി അറിയിച്ച് എളമ്പുലാശ്ശേരി സ്കൂൾ വിദ്യാർത്ഥികൾ.
തേഞ്ഞിപ്പലം :ദേശീയപാത നിർമാണത്തിൽ തേഞ്ഞിപ്പലം പഞ്ചായത്തിൽ അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കാൻ അനുമതി നൽകിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്ക് നന്ദി അറിയിച്ച് എളമ്പുളശ്ശേരി സ്കൂളിലെ കുട്ടികൾ മെയിൽ അയച്ചു. കുട്ടികളുടെ ആഹ്ലാത പ്രകടനവും നടന്നു. പാണമ്പ്രയിലും കോഹിനൂരിലും മേലെ ചേളാരിയിലും ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാൻ പാതകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാസങ്ങൾക്കുമുമ്പ് കുട്ടികൾ മന്ത്രിക്ക് ഇ -മെയിൽ അയച്ചിരുന്നു. “ഗഡ്ഗരി സാർ പ്ലീസ്.. ഞങ്ങൾക്ക് സ്കൂളിൽ പോകാനുള്ള വഴിയടക്കരുത് ” എന്നഭ്യർത്ഥിച്ചു കൊണ്ട് കുട്ടികൾ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ പരിപാടി ശ്രദ്ധേയമായിരുന്നു. കുട്ടികളും നാട്ടുകാരും ജനപ്രതിനിധികളും നടത്തിയ നിവേദനങ്ങളും ഇടപെടലുകളും മൂലമാണ് അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കാൻ കേന്ദ്രഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ലഭിക്കാൻ കാരണമായത്. നന്ദി പ്രകടനത്തിന് സ്കൂൾ ലീഡർമാരായ ജെബിൻ, നീഹാകൃഷ്ണ, മുഹമ്മദ് നാദി എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ സ്കൂൾ മാനേജർ എം. മോഹനകൃഷ്ണൻ, പ്രധാന അധ്യാപിക പി. എം ശർമിള, പി. ടി. എ പ്രസിഡന്റ് ഷാനവാസ്, എം. ടി. എ പ്രസിഡന്റ് പ്രജിഷ സി, കൈത്താങ്ങ് കോഡിനേറ്റർ പി. മുഹമ്മദ് ഹസ്സൻ, എം അഖിൽ, എം. ഇ ദിലീപ് എന്നിവർ പ്രസംഗിച്ചു.