fbpx

മോട്ടോർ വാഹന വകുപ്പിന്റെ ജാഗ്രതയിൽ
പിറന്നത് പുഞ്ചിരിയുടെ പുതു വർഷപ്പുലരി.കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് 410330 രൂപ പിഴ ചുമത്തുകയും ചെയ്തു.

തിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടിയെ തുടർന്ന് ജില്ലയിലെ റോഡുകളിൽ അപകട മരണങ്ങളില്ലാതെ പുതുവത്സരാഘോഷം കടന്നുപോയത് ആശ്വാസകരമായി. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം ആർടിഒ സി വി എം ഷരീഫിന്റെ നേതൃത്വത്തിൽ
ജില്ലയിൽ വിവിധ സ്ക്വാഡുകളിൽ പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ താലൂക്കിലെയും പ്രധാന റോഡുകൾ, ദേശിയ സംസ്ഥാന ഗ്രാമീണ പാതകൾ കേന്ദ്രീകരിച്ചും, പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഡിസംബർ 31 ന് വൈകിട്ട് അഞ്ച് മണി മുതൽ തന്നെ നിരത്തുകളിൽ പെട്രോളിങ്ങും പരിശോധനയും ശക്തമാക്കി. വൈകിട്ട് തുടങ്ങിയ പരിശോധന പുലർച്ചെ ആറുമണിവരെ നീണ്ടുനിന്നു. അഭ്യാസ പ്രകടനങ്ങളുമായി റോഡിൽ ഇറങ്ങാമെന്ന് കരുതിയിരുന്നവരല്ലാം മോട്ടോർ വാഹന വകുപ്പിൻ്റെ കർശന നടപടികൾ ഭയന്ന് പിന്മാറി. മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, നിയമവിരുദ്ധമായ ലൈറ്റുകൾ, അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കൽ മുതലായവയുമായി റോഡിൽ ഇറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധന മുന്നറിയിപ്പ് നൽകിയിട്ടു പോലും വിവിധ മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്
161 കേസുകൾ രജിസ്റ്റർ ചെയ്യുകയും
410330/- രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവർമാർ എടപ്പാൾ ഐ ഡി ടി ആറിലെ നിർബന്ധിത പരിശീലനം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈർ, എൻഫോഴ്‌സ്മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐമാരായ കെ ആർ ഹരിലാൽ, പി ബോണി, ടി മുസ്തജാബ്, ഡ്രൈവർ മങ്ങാട്ട് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഫോട്ടോ: പുതുവർഷ പുലരിയിൽ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ ചെമ്മാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.