മോര്യ കാപ്പ്:കർഷകരുടെ ആശങ്കകളും ആവലാതികളും ചർച്ച ചെയ്ത് കർഷകസഭ

താനൂർ : മലപ്പുറം ജില്ലയിലെ നെല്ലറയായ നന്നമ്പ്ര പഞ്ചായത്തിലെ മോര്യ കാപ്പ് പുഞ്ചപ്പാടത്ത് നെൽകൃഷി ചെയ്യുന്ന താനൂർ നഗരസഭയിലെ സ്ഥിര താമസക്കാരായ കർഷകരുടെ ആവലാതികളും ആശങ്കകളും ചർച്ച ചെയ്ത് കർഷകസഭ. തോടുകൾ തൂർന്നതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതായി കർഷകർ പറഞ്ഞു. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടായാലേ മോര്യ കാപ്പിൽ വർഷങ്ങളായി കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാകൂ. വരൾച്ചയും അപ്രതീക്ഷിതമായി വെള്ളം കയറുന്നതും കാരണം കൃഷി നാശം നിത്യസംഭവമാണ്. കൃഷി നാശം നേരിടുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിൽ കുറ്റകരമായ വീഴ്ചയുണ്ടാകുന്നതായി കർഷകർ പറഞ്ഞു. നന്നമ്പ്ര പഞ്ചായത്തും, താനൂർ നഗരസഭയും കർഷകർക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ കർഷകസഭ സംതൃപ്തി രേഖപെടുത്തി. പെരുന്തോട് വി.സി.ബി നവീകരിക്കാൻ 36.50 ലക്ഷം രൂപ മൈനർ ഇറിഗേഷൻ വകുപ്പിന് താനൂർ നഗരസഭ കൈമാറിയതായി ചെയർമാൻ പി. പി. ഷംസുദ്ധീൻ അറിയിച്ചു. മോര്യകാപ്പിലെ തോടുകൾ നവീകരിക്കാൻ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നീക്കി വെച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. റൈഹാനത്ത് ടീച്ചർ പറഞ്ഞു. പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും വെള്ളം നീങ്ങിയ ശേഷം പ്രവൃത്തികൾ ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. മോര്യ കാപ്പിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇരു തദ്ദേശ സ്ഥാപനവും കർഷകർക്ക് ഒപ്പമുണ്ടാകുമെന്ന് താനൂർ നഗരസഭാ ചെയർമാനും, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കർഷകർക്ക് ഉറപ്പു നൽകി. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം കർഷക സഭയിൽ വിതരണം ചെയ്തു.നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. റൈഹാനത്ത് ടീച്ചർ കർഷകസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. വി. മൂസക്കുട്ടി അധ്യക്ഷനായി. താനൂർ നഗരസഭാ ചെയർമാൻ പി. പി. ഷംസുദ്ധീൻ മുഖ്യാതിഥിയായി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജയപ്രകാശ്, നന്നമ്പ്ര സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.കെ.എം. കുഞ്ഞിമൊയ്‌ദീൻ (ബാപ്പുട്ടി), ഷമീന വി. കെ., കൗൺസിലർ റഷീദ് മോര്യ, നന്നമ്പ്ര കൃഷിഭവൻ കൃഷി അസിസ്റ്റന്റുമാരായ ദർശന, രേണുക, താനൂർ പാടശേഖര സമിതി സെക്രട്ടറി കെ.വി. രവി, തിരുത്തി പാടശേഖര സമിതി സെക്രട്ടറി റഷീദ് മറ്റത്ത് എന്നിവർ പ്രസംഗിച്ചു. നിരവധി കർഷകർ പങ്കെടുത്തു. : മോര്യ കാപ്പ് പുഞ്ചപ്പാടത്ത് നെൽകൃഷി ചെയ്യുന്ന താനൂർ നഗരസഭയിലെ സ്ഥിര താമസക്കാരായ കർഷകർ പങ്കെടുത്ത കർഷകസഭ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .

Comments are closed.