മിഷൻ താമരശ്ശേരി ചുരത്തിന് ആരംഭം: ട്രെയിലറുകൾ ചുരം കേറി തുടങ്ങി
കോഴിക്കോട്: കൂറ്റൻ യന്ത്രഭാഗങ്ങളുമായി രണ്ട് ട്രെയിലുകൾ താമരശ്ശേരി ചുരത്തിൽ പ്രവേശിച്ചു. നാളെ പുലരും മുൻപ് രണ്ട് ട്രെയിലുകറും ചുരം കേറി വൈത്തിരിയിൽ എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. അതേസമയം രാത്രി പതിനൊന്ന് മണിയോടെ അടിവാരത്ത് നിന്നും പുറപ്പെട്ട ട്രെയിലറുകൾ ഒന്നാം ചുരത്തിൽ പ്രവേശിച്ചതിന് പിന്നാലെ രണ്ട് തവണ ഓഫായത് ആശങ്ക സൃഷ്ടിച്ചു. മൂന്ന് മാസത്തോളം നിർത്തിയിട്ടതിനാൽ വാഹനങ്ങൾ ഇടയ്ക്ക് നിന്നു പോകാനുള്ള സാധ്യത അധികൃതർ മുൻകൂട്ടി കണ്ടിരുന്നു. ഇതിനാൽ സംഘത്തിൽ മെക്കാനിക്കുകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിലറുകൾ കടന്നു പോകുന്നത് കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ രാത്രി 11 മുതൽ നാളെ പുലർച്ചെ അഞ്ചു വരെ പൊതു ഗതാഗതതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ആംബുലൻസുകൾ അല്ലാതെ മറ്റൊരു വാഹനവും ചുരത്തിലൂടെ കടന്നു പോകാൻ അനുവദിക്കില്ല.