പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ വീട്ടുമുറ്റത്തെ മുന്തിരിത്തോട്ടത്തിൽ നിന്നും തുടർച്ചയായ ഏഴാം വർഷവും വിളവെടുത്ത് മിസ്രിയ

.വളാഞ്ചേരി: ഒരു പരീക്ഷണം എന്ന നിലയ്ക്ക് വീട്ടുമുറ്റത്ത് വച്ചുപിടിപ്പിച്ച രണ്ട് മുന്തിരി ചെടികളിൽ നിന്നും തുടർച്ചയായ ഏഴാം വർഷവും വിളവെടുത്ത് വീട്ടമ്മ.മൂന്നു മക്കളുടെ മാതാവ് കൂടിയായ വളാഞ്ചേരി കാവുംപുറം കക്കൻചിറ സ്വദേശി നടക്കാവിൽ മിസ്രിയയാണ് മുന്തിരി കൃഷിയിൽ വിജയഗാഥ തുടരുന്നത്. വർഷങ്ങൾക്കു മുൻപ്, ഭർത്താവ് ജമാലുദ്ദീനൊപ്പം തൃശ്ശൂർ മണ്ണൂത്തിയിൽ നിന്നും പൂച്ചെടികൾ വാങ്ങുന്ന കൂട്ടത്തിലാണ് രണ്ട് മുന്തിരി തൈകളും കൊണ്ടുവന്നത്. ശേഷം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കുകയും ഇന്റർനെറ്റിന്റെയും മറ്റും സഹായത്തോടെ പരിചരണ ഘട്ടങ്ങൾ മനസ്സിലാക്കിയെടുക്കുകയും ചെയ്തു. തുടർന്ന് പ്രതീക്ഷകൾക്ക് അപ്പുറമായി രണ്ടു വർഷങ്ങൾക്കിപ്പുറം ആദ്യ വിളവെടുപ്പിൽ തന്നെ 100 കിലോയോളം മുന്തിരിയാണ് ലഭിച്ചത്. ശേഷം തുടർ വർഷങ്ങളിൽ ഏറെ സൂക്ഷ്മതയോടെ മുന്തിരിവള്ളികളെ പരിചരിച്ചു പോന്നു.ചാണകം എല്ലുപൊടി തുടങ്ങിയവ ഉപയോഗിച്ച് തികച്ചും ജൈവ രീതിയിലാണ് പരിപാലനം. എന്നാൽ ഓരോ വർഷം പിന്നിടും തോറും കാലാവസ്ഥ പ്രതികൂലമാകുന്നത് വിളവിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മിസ്രിയ പറയുന്നു.വിളവെടുക്കുന്ന മുന്തിരി കുലകൾ വീട്ടംഗങ്ങൾക്കും അയൽപ്പക്കങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും വിതരണം ചെയ്യാറാണ് പതിവ്.നിലവിൽ മുറ്റത്തിനു പുറമേ ടെറസിറു മുകളിലും മുന്തിരിത്തോട്ടം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.മുന്തിരി തൈകൾക്കു പുറമേ, ഒരു സംരംഭം എന്ന നിലയിൽ വിവിധയിനം കോഴികൾ,പൂച്ചെടികൾ,അലങ്കാര ചെടികൾ, ഫലവൃക്ഷത്തൈകൾ എന്നിവയും വീടിനു ചുറ്റും ഒരുക്കിയിട്ടുണ്ട്.

Comments are closed.