ഒഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് വി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു

താനൂർ: ജലനിധി വെള്ളക്കരം പിൻവലിക്കുക, വരവ് ചെലവ് കണക്കുകൾ ഗുണഭോക്കളെ അറിയിക്കുക എന്നീയാവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം ഒഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. പുൽപ്പറമ്പ് പടിഞ്ഞാറേ അങ്ങാടിയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം താനൂർ ഏരിയ കമ്മിറ്റിയംഗം വി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. അഷ്കർ കോറാട് അധ്യക്ഷനായി. കെ ടി രാധാകൃഷ്ണൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെടിഎസ് ബാബു സ്വാഗതവും, ജലാൽ കോറാട് നന്ദിയും പറഞ്ഞു. നൂറുകണക്കിനാളുകൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മുമ്പ് 10000 ലിറ്ററിന് 110 രൂപ വാങ്ങിയിരുന്നപ്പോൾ വാട്ടർ അതോറിട്ടിക്ക് 66.2 രൂപയും ജലനിധി പഞ്ചായത്ത് സമിതിക്ക് 43.8 രൂപയും ആയിരുന്നു. ഇപ്പോൾ 10000 ലിറ്ററിന് 300 രൂപ വാങ്ങിക്കുമ്പോൾ വാട്ടർ അതോറിറ്റിക്ക് 166.2 രൂപയും ജലനിധി പഞ്ചായത്ത് സമിതിക്ക് 133.8 രൂപയുമായി വർധിപ്പിച്ചിരിക്കുകയാണ്.

മാത്രമല്ല മുമ്പ് മിനിമം 10000 ലിറ്റർ എന്നുള്ളത് 5000 ലിറ്ററായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങൾ ഗുണഭോക്താക്കളുടെ അഭിപ്രായത്തെ മാനിച്ചിട്ടായിരിക്കണം എന്ന വ്യവസ്ഥയെ കാറ്റിൽ പറത്തിയിരിക്കുകയാണെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു.

Comments are closed.