വിവാഹ സമ്മാനമായി കമ്പനിയുടെ ഷെയര്‍; ജീവനക്കാരനെ ഉടമയാക്കി ഗവണ്‍മന്റ് സൈബര്‍പാര്‍ക്കിലെ ഇലുസിയ ലാബ്

0

കോഴിക്കോട്, ജീവനക്കാരനെ കമ്പനി ഉടമയാക്കി ഞെട്ടിച്ച് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ കമ്പനിയായ ഇലുസിയ ലാബ്. ഓപ്പണ്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എക്സ്റ്റന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ ലാബ്‌സ് മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ഇലുസിയ ലാബിലെ വി.ആര്‍ ഡെവലപ്പറായ ഷബിന് വിവാഹ സമ്മാനമായാണ് സ്ഥാപന ഉടമകളായ നൗഫല്‍ .പി (ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ), വിഷ്ണു (സി.ഒ.ഒ), മുനീര്‍ ബാബു .കെ (ക്രിയേറ്റിവ് ഡയറക്ടര്‍) എന്നിവര്‍ കമ്പനിയുടെ ഷെയര്‍ നല്‍കിയത്. ഇതോടെ കമ്പനിയുടെ വരുമാനത്തില്‍ നിന്നുള്ള ഒരു പങ്ക് കൂടി ഇനി ഷബിന് ലഭിക്കും. ഡിസംബര്‍ 28 കോട്ടക്കല്‍ ടി.എം.എം ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു രണ്ടത്താണി സ്വദേശിയായ ഷബിന്റെയും തിരുനാവായ സ്വദേശിയായ ഹുദ എം. ന്റെയും വിവാഹം.

വിവാഹ ദിവസം അവിസ്മരണീയമാക്കിയ സഹപ്രവര്‍ത്തകരുടെ സ്‌നേഹം അമ്പരപ്പിച്ചെന്ന് ഷബീന്‍ പറയുന്നു. ഇലൂസിയയില്‍ ഒരു ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ജോയിന്‍ ചെയ്യുന്നത്. കമ്പനി ഡയറക്ടേഴ്‌സിന്റെയും മറ്റ് സഹപ്രവര്‍ത്തകരുടെയും സഹായ സഹകരണവും പിന്തുണയും കൊണ്ട് അന്തര്‍ദേശീയ നിലവാരമുള്ള പല പ്രൊജക്ടുകളിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചെന്നും കരിയറിലെ മുന്നോട്ടുള്ള പ്രയാണത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഷബീന്‍ പറഞ്ഞു.

കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്ത ആളാണ് ഷബീനെന്ന് ഇലൂസിയ ലാബ് ഫൗണ്ടറും സി.ഇ.ഒയുമായ നൗഫല്‍ പറഞ്ഞു. ആത്മാര്‍ത്ഥതയോടെ ഒപ്പം നില്‍ക്കുന്ന ജീവനക്കാരാണ് കമ്പനിയുടെ കരുത്ത്. അത്തരം ജീവനക്കാര്‍ എന്നും കമ്പനിയില്‍ അനിവാര്യമാണെന്ന തിരിച്ചറിവിന്റെയും കമ്പനി വളരുംതോറും കമ്പനിയുടെ ജീവനക്കാര്‍ക്കും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന കമ്പനി പോളിസിയുടെയും ഭാഗമായാണ് ഷെബീന് കമ്പനി ഷെയര്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും നൗഫല്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ലോകത്തിലെ തന്നെ ആദ്യത്തെ ഇന്ററാക്റ്റിവ് വിര്‍ച്വല്‍ മ്യൂസിയം നിര്‍മിച്ചും ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ക്ലാസ് റൂമും ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്വല്‍ പ്രാക്റ്റിക്കല്‍ ലാബും വിര്‍ച്വല്‍ ടെക്സ്റ്റ് ബുക്കും അവതരിപ്പിച്ചും നേരത്തേ ഇലുസിയ ലാബ് ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഇലുസിയ ലാബിന്റെ മെറ്റാവേഴ്‌സ് ക്ലാസ് റൂം സജ്ജീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.